അഭിമാനം വാനോളം; ചരിത്രം കുറിച്ച് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് തിരിച്ചു


ഇന്ത്യക്കിത് ചരിത്ര മുഹൂര്‍ത്തം. ബഹിരാകാശ യാത്രയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ശുഭാംശു ശുക്ല. ശുഭാംശു ഉള്‍പ്പെടെ നാലുപേരെ വഹിച്ചുള്ള ആക്‌സിയം 4 പേടകം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ബഹിരാകാശത്തേക്കു കുതിച്ചുയര്‍ന്നു. ഇന്ന് ഇന്ത്യന്‍ സമയം 12.01ഓടെയാണ് കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപണം നടന്നത്. 28 മണിക്കൂര്‍ നീണ്ട യാത്രക്കു ശേഷം നാളെ വൈകിട്ടാണ് ഉപഗ്രഹം ബഹിരാകാശ നിലയത്തിലെത്തുക. 14 ദിവസമാണ് സംഘം നിലയത്തില്‍ തങ്ങുക.


41 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് തിരിക്കുന്നു എന്നതാണ് ദൗത്യത്തിന്റെ സവിശേഷതകളിലൊന്ന്. രാകേഷ് ശര്‍മക്കു ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാംശുവിന്റെയും സംഘത്തിന്റെയും യാത്ര. ശുഭാംശുവാണ് പേടകത്തിന്റെ പൈലറ്റ്.ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്.


ബഹിരാകാശ നിലയത്തില്‍ 60 പരീക്ഷണങ്ങള്‍ സംഘം നടത്തും. ഇതില്‍ ഏഴെണ്ണം ഇന്ത്യന്‍ ഗവേഷകരില്‍ നിന്ന് ഐ എസ് ആര്‍ ഒ തിരഞ്ഞെടുത്തതാണ്.



Sharing is Caring