അഫ്ഗാനും പാക്കിസ്ഥാനും കുറ്റവാളികളെ ഒരുമിച്ച് ഉന്മൂലനം ചെയ്യണം


അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൊടുംഭീകരരുടെ പട്ടിക പരസ്പരം കൈമാറാൻ തയ്യാറാകണമെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹനീഫ് അത്മർ. ഭീകരർക്കെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇതു സംബന്ധിച്ചുള്ള കൃത്യമായ നടപടികള്‍ ഇരു രാജ്യങ്ങളും കൈക്കൊള്ളണമെന്നും അത്മര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടപടികളും വിലയിരുത്തുന്നതിന് ആവശ്യമെങ്കില്‍ ഒരു മൂന്നാം കക്ഷിയെ ചുമതലപ്പെടുത്താമെന്നും അത്മര്‍ വ്യക്തമാക്കി.


ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും എന്നാല്‍ ചിലകാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ അതിന് കാലതാമസമുണ്ടാകില്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ തെളിയുമെന്നും ഹനീഫ് അത്മര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ് ഹനീഫ് അത്മര്‍ വ്യക്തമാക്കി.

അഫ്ഗാന്‍ സമാധാന ഉച്ചകോടി ഏപ്രില്‍ 14 മുതല്‍ നടക്കുമെന്ന് അത്മര്‍ നേരത്തെ അറിയിച്ചിരുന്നു. റഷ്യയുടേയും അമേരിക്കയുടേതുമുള്‍പ്പെടെ 12 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍.



Sharing is Caring