‘അങ്കമാലി ഡയറീസ്’ അഭിനേതാക്കളെ പൊലീസ് തടഞ്ഞതില്‍ തെറ്റില്ലെന്ന് എസ്പി


അങ്കമാലി ഡയറീസ് സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും വഴിതടഞ്ഞ പൊലീസ് നടപടിയില്‍ തെറ്റില്ലെന്ന് എസ്പി: എ.വി. ജോര്‍ജ്. നിയമലംഘനം കണ്ടിട്ടും പൊലീസ് നടപടിയെടുത്തില്ല. സംഭവത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോനോട് വിശദീകരണം തേടിയെന്നും എസ്പി വ്യക്തമാക്കി. സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് സ്റ്റിക്കറൊട്ടിച്ച്‌ മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണെന്നും എസ്പി പറഞ്ഞു. മോട്ടോര്‍ വാഹനനിയമപ്രകാരവും ഗ്ലാസുകള്‍ പൂര്‍ണമായും മറച്ചത് തെറ്റാണ്. ഇന്നു മുതല്‍ എറണാകുളം റൂറല്‍ മേഖലയില്‍ മുഴുവന്‍ വാഹനങ്ങളിലും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


‘അങ്കമാലി ഡയറീസ്’ താരങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് സംവിധായകന്‍


ഇന്നലെ മൂവാറ്റുപുഴയില്‍ വച്ച്‌ സിനിമാ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസിന്റെ സദാചാര അതിക്രമമുണ്ടായെന്നാണ് പരാതി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരിലെ കോളജില്‍ നടന്ന പ്രോഗ്രാമിനു ശേഷം കൊച്ചിയിലേക്കു പോകുകയായിരുന്നു സിനിമാ പ്രവര്‍ത്തകര്‍. നായിക ബിന്നി ബെഞ്ചമിനുള്‍പ്പെടെയുള്ള അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമായെത്തിയ വാഹനം തടഞ്ഞു നിര്‍ത്തി ഇവരെ അപമാനിച്ചുവെന്നാണ് പരാതി. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റിക്കറുകളും കൊണ്ട് അലങ്കരിച്ചിരുന്ന വാഹനം നഗരത്തിലെ ഗ്രാന്‍ഡ് സെന്റര്‍ മാളിനു മുന്നില്‍ പൊലീസ് വാഹനം വട്ടമിട്ടു നിര്‍ത്തി പരിശോധിച്ചു.

വാഹനത്തിനുള്ളില്‍ സ്ത്രീയായി ബിന്നി മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടില്‍ പീഡനമൊക്കെ അരങ്ങേറുകയാണെന്നും സ്റ്റിക്കറൊട്ടിച്ചു പുറത്തു നിന്നു നോക്കിയാല്‍ അകം കാണാത്ത വിധത്തിലാക്കിയ ശേഷം വാഹനത്തില്‍ പെണ്‍കുട്ടിയുമായി എന്തു ചെയ്യുകയാണെന്നും മറ്റും ചോദിച്ചു പൊലീസ് വിരട്ടിയെന്നു ബിന്നി പറയുന്നു.

വാഹനം ചിത്രത്തിന്റെ പരസ്യത്തിനു വേണ്ടി തയാറാക്കിയതാണെന്നും ഇതിന് അനുവാദം വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞിട്ടും പൊലീസ് പിന്മാറിയില്ല. പിന്നീട് വാഹനത്തിന്റെയും അഭിനേതാക്കളുടെയുമൊക്കെ ചിത്രമെടുത്ത ശേഷമാണ് ഇവര്‍ പിന്മാറിയത്. നാട്ടുകാര്‍ കൂടിയതോടെ മൂവാറ്റുപുഴയില്‍ നിന്ന് എത്രയും വേഗം പൊയ്ക്കൊള്ളണമെന്നു നിര്‍ദേശിച്ച ശേഷം പൊലീസ് സ്ഥലം വിട്ടുവെന്ന് ഇവര്‍ പറഞ്ഞു.

അതേസമയം പൂര്‍ണമായും സ്റ്റിക്കറുകളും പെയിന്റും ഉപയോഗിച്ചു മറച്ച വാഹനം അതിവേഗത്തില്‍ കടന്നു പോകുന്നതിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടതിനാലാണു വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചതെന്നു മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോന്‍ പറഞ്ഞു. വാഹനം സിനിമയുടെ പ്രചാരണത്തിനാണെന്നും യാത്രക്കാര്‍ അഭിനേതാക്കളാണെന്നും മനസ്സിലായതോടെ പരിശോധനകള്‍ അവസാനിപ്പിച്ചു വാഹനം കടത്തിവിട്ടുവെന്നും ആരെയും പൊലീസ് അപമാനിക്കുകയോ മോശമായ വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Sharing is Caring