അപകടത്തില്‍ സഹായിക്കുന്നവര്‍ക്ക് നിയമ പരിരക്ഷയെന്ന് മുഖ്യമന്ത്രി

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമ പരിരക്ഷയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ കേസും പൊലീസ് സ്റ്റേഷനുമായി കയറിയിറങ്ങേണ്ടി വരുമോ എന്ന ഭ‍യം പലര്‍ക്കുമുണ്ട്. അപകടസ്ഥലങ്ങളില്‍ നിഷ്ക്രിയരാകാതെ ഒരു ജീവനാണ് താന്‍ രക്ഷിക്കുന്നതെന്ന ഉയര്‍ന്ന മാനവികബോധം പ്രകടിപ്പിക്കാന്‍ എല്ലാ മലയാളികളോടും അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ഹൈബി ഈഡന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

എറണാകുളം പത്മ ജംഗ്ഷനില്‍ ഗുരുതര പരിക്കേറ്റ് റോഡില്‍ വീണുകിടന്ന സജിയെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണ്. 15 മിനിട്ടോളം ഒരാള്‍ രക്തം വാര്‍ന്ന് തിരക്കേറിയ റോഡരികില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ കിടന്നുവെന്നത് നിയമസഭ ഒന്നടങ്കം ഗൗരവമായി ചിന്തിക്കേണ്ടതാണ്. ആ ജീവന്‍ രക്ഷിക്കാന്‍ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റോഡപകടങ്ങളില്‍പ്പെട്ട് ഗുരുതര പരിക്കേല്‍ക്കുന്നവരെ വേഗത്തില്‍ ആശുപത്രികളില്‍ എത്തിക്കുന്നതിനുള്ള സംവിധാനവും അവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പില്‍ വരുത്തുകയാണ്. അതോടൊപ്പം പ്രധാന ആശുപത്രികളോട് ചേര്‍ന്ന് ട്രോമോ കെയര്‍ സംവിധാനവും ഏര്‍പ്പെടുത്തും. പണമില്ല എന്നതിന്‍റെ പേരില്‍ ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുത്. സാമ്ബത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം എന്നതാണ് സര്‍ക്കാരിറിന്‍റെ നയമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *