അണ്ടര്‍ 17 ലോകകപ്പ് സ്‌റ്റേഡിയങ്ങള്‍ ഫിഫയ്ക്ക് കൈമാറി


അടുത്ത മാസം നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും നാല് പരിശീലന മൈതാനങ്ങളും ഫിഫയ്ഹക്ക് കൈമാറി. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നോഡല്‍ ഓഫിസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഫിഫ ഓപ്പറേഷന്‍സ് മേധാവി റോമ ഖന്നക്ക് സ്‌റ്റേഡിയങ്ങളുടെ രേഖകള്‍ കൈമാറി. ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.


സമ്മതപത്രം സ്വീകരിച്ചുവെങ്കിലും കൊച്ചിയിലെ ലോകകപ്പിന്റെ വിജയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ സര്‍വ്വസഹായസഹകരണങ്ങളും തുടര്‍ന്നും കൂടിയേ തീരൂവെന്ന് റോമഖന്ന പറഞ്ഞു. അന്‍പത് കോടി രൂപയിലേറെ മുടക്കിയാണ് കലൂര്‍ സ്‌റ്റേഡിയവും ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവ നവീകരിച്ചത്.


ഒക്ടോബര്‍ 7 നാണ് കൊച്ചിയിലെ ആദ്യമത്സരം. ഡി ഗ്രൂപ്പില്‍ വൈകിട്ട് 5ന് ബ്രസീല്‍-സ്‌പെയിന്‍ പോരാട്ടമാണ് ആദ്യത്തെ കളി. രാത്രി 8ന് ഉത്തര കൊറിയ നൈജറുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് സിയിലെ ജര്‍മനി-ഗിനിയ അവസാന ഗ്രൂപ്പ് മത്സരവും കൊച്ചിയില്‍ അരങ്ങേറും. ഗ്രൂപ്പ് മത്സരങ്ങള്‍ കൂടാതെ പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഉള്‍പ്പെടെ എട്ട് മത്സരങ്ങളാണ് കൊച്ചിയിലുള്ളത്.
ആദ്യ മത്സരത്തിനിറങ്ങേണ്ട ബ്രസീല്‍ ടീം നാളെ കൊച്ചിയില്‍ എത്തും. ബാക്കി മൂന്ന് ടീമുകള്‍ അടുത്ത മാസം മൂന്നിനാകും എത്തുക.

ലോകകപ്പിനുള്ള സ്‌റ്റേഡിയങ്ങള്‍ കൈമാറുന്നതിന്റെ രേഖകള്‍ നോഡല്‍ ഓഫീസര്‍
എ.പി.എം. മുഹമ്മദ് ഹനീഷ് ഫിഫ ഓപ്പറേഷന്‍സ് മേധാവി റോമ ഖന്നക്ക് നല്‍കുന്നു



Sharing is Caring