അണ്ടര്‍ 17 ലോകകപ്പ് : ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനില്‍ മാത്രം


ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടിക്കറ്റ് വില്‍പ്പന കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഉണ്ടാകില്ലെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി. കലൂര്‍ സ്‌റ്റേഡിയം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെ മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനില്‍ പുരോഗമിക്കുകയാണ്. 20 ശതമാനം ടിക്കറ്റുകള്‍ വിറ്റഴിച്ചു.


മത്സര ദിവസം ടിക്കറ്റ് വില്‍പ്പന ഉണ്ടായിരിക്കില്ല. കൊല്‍ക്കത്ത, ഗോഹട്ടി, ദല്‍ഹി സ്‌റ്റേഡിയങ്ങളിലെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. കൊച്ചിയിലെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ഒക്‌ടോബര്‍ അഞ്ച് വരെയുണ്ടാവും.


സ്‌റ്റേഡിയത്തിന്റെ കാര്യത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ ജോലികള്‍ പൂര്‍ത്തിയായി. ബാക്കിയുള്ള ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നു. മത്സരവേദികളുടെ സുരക്ഷ അതാത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. കേരള സര്‍ക്കാര്‍ 17ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇന്ത്യ വേദിയാകുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വീഡിയോ റഫറല്‍ സംവിധാനം ഉണ്ടാവില്ല. കോണ്‍ഫെഡറേഷന്‍ കപ്പില്‍ സംവിധാനം ഉപയോഗിച്ചെങ്കിലും അണ്ടര്‍ 17 ലോകകപ്പിന് വേണ്ടെന്നാണ് ഫിഫയുടെ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.



Sharing is Caring