മൊയീന്‍ അലിയുടെ ഹാട്രിക്കില്‍ ഇംഗ്ലണ്ടിന് വിജയം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവര്‍ 239 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ അവര്‍ 2-1 ന് മുന്നിലായി.ജയിക്കാന്‍ 492 റണ്‍സിനായി ബറ്റേന്തിയ ദക്ഷിണാഫ്രിക്കയെ ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ പൊരുതി നേടിയ സെഞ്ചുറിക്കും (136) രക്ഷിക്കാനായില്ല. അവസാന ദിവസം അവര്‍ 252 റണ്‍സിന് പുറത്തായി.
തുടര്‍ച്ചയായ പന്തുകളില്‍ ഡീന്‍ എല്‍ഗാര്‍, റബഡ, മോര്‍ക്കല്‍ എന്നിവരെ പുറത്താക്കിയാണ് അലി ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. നാടകീയമായ സാഹചര്യത്തിലാണ് ഹാട്രിക്ക് നേടിയത്. മോര്‍ക്കലിനെതിരെ ഉയര്‍ത്തിയ എല്‍ ബി ഡബ്‌ളീയു അപ്പീല്‍ അമ്പയര്‍ നിരസിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ട് റിവ്യൂ അവശ്യപ്പെട്ടു.

റിപ്ലേയില്‍ മോര്‍ക്കല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതായി തെളിഞ്ഞു. തുടര്‍ന്ന് അമ്പയര്‍ തീരുമാനം മാറ്റി. അലിക്ക് ഹാട്രിക്കും സ്വന്തമായി. ഓവലിലെ ആദ്യ ഹാട്രിക്കാണിത്. ഹാട്രിക്ക് നേടുന്ന പതിമൂന്നാമത്തെ ഇംഗ്ലീഷ് ബൗളറാണ് അലി.ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങ് നിരയില്‍ എല്‍ഗാര്‍ മാത്രമാണ് പിടിച്ചു നിന്നത്. 228 പന്തില്‍ 20 എണ്ണം അതിര്‍ത്തി കടത്തി 136 റണ്‍സ് എടുത്തു. അലിയുടെ പന്തില്‍ സ്‌റ്റോക്ക്‌സിന് പിടികൊടുത്താണ് എല്‍ഗാര്‍ മടങ്ങിയത്.
ബാവുമ 32 റണ്‍സും മോറിസ് 24 റണ്‍സും നേടി. മഹരാജ് 24 റണ്‍സുമായി പുറത്താകാതെ നിന്നു.ഹാട്രിക്ക് ഉള്‍പ്പെടെ അലി നാലു വിക്കറ്റുകള്‍ വീഴ്ത്തി. നാല്‍പ്പത്തിയഞ്ച് റണ്‍സാണ് വിട്ടുകൊടുത്തത്. റോളണ്ട് ജോണ്‍സ് മൂന്ന് വിക്കറ്റും സ്‌റ്റോക്‌സ് രണ്ടു വിക്കറ്റും സ്വന്തമാക്കി.
സ്‌കോര്‍ ബോര്‍ഡ്: ഇംഗ്ലണ്ട്: ഒന്നാം ഇന്നിങ്ങ്‌സ് 353, രണ്ടാം ഇന്നിങ്ങ്‌സ് 313, ദക്ഷിണാഫ്രിക്ക: ഒന്നാം ഇന്നിങ്ങ്‌സ് 175.
ദക്ഷിണാഫ്രിക്ക : രണ്ടാം ഇന്നിങ്ങ്‌സ്: എച്ച്.ജി കുന്‍ ബി ബോര്‍ഡ് 11, എല്‍ഗാര്‍ സി സ്‌റ്റോക്‌സ് ബി അലി 136, അംല സി റൂട്ട് ബി റോളണ്ട് ജോണ്‍സ് 5, ഡി കോക്ക് ബി സ്‌റ്റോക്‌സ് 5, ഡ്യൂപ്ലെസിസ് എല്‍ബിഡബ്‌ളിയു സ്‌റ്റോക്‌സ് 0, ബാവുമ എല്‍ബിഡബ്‌ളിയു ബി റോളണ്ട് ജോണ്‍സ് 32, ഫിലാന്‍ഡര്‍ എല്‍ബിഡബ്‌ളിയു ബി റോളണ്ട് ജോണ്‍സ് 0, മോറിസ് സി സ്‌റ്റോക്‌സ് ബി അലി 24, മഹരാജ് നോട്ടൗട്ട് 24, റബഡ സി സ്‌റ്റോക്‌സ് ബി അലി 0, മോര്‍ക്കല്‍ എല്‍ബിഡബ്‌ളിയു ബി അലി 0, എക്‌സ്ട്രാസ് 15 , ആകെ 252.













