അണ്ടര്‍ 17 ലോകകപ്പ്; അടുത്ത മത്സരം മുതല്‍ സ്റ്റേഡിയത്തില്‍ സൗജന്യ കുടിവെള്ളം

അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ക്ക് കുടിവെള്ളം പോലും ലഭ്യമാക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സംഘാടകര്‍ക്കെതിരെ കടുത്ത പ്രതിഷേധം. സംഭവം വിവാദമായതോടെ അടുത്ത മത്സരം മുതല്‍ സര്‍ക്കാര്‍ സൗജന്യമായി കുടിവെളളം വിതരണം ചെയ്യും. സ്റ്റേഡിയത്തിനുളളിലെ ഭക്ഷണ വിതരണത്തിന്റെ ചുമതലയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.
ഒരു ചെറിയ ഗ്ലാസ് വെളളത്തിന് 10 രൂപയും ചെറിയ ഗ്ലാസ് കോളയ്ക്ക് 30 രൂപയുമാണ് ഈടാക്കിയിരുന്നത്. കൂടാതെ രണ്ട് സമോസയ്ക്ക് 40 ഉം, വെജിറ്റബിള്‍ ബിരിയാണിക്ക് 130 രൂപയുമാണ് ഈടാക്കിയിരുന്നത്. സൗജന്യ കുടിവെളള സംവിധാനം ഗാലറികളില്‍ ഒരുക്കിയിരുന്നില്ല. ഒരു ലിറ്ററിന്റെ കുപ്പിവെളളം വില്‍ക്കുന്നത് ഒഴിവാക്കി, അതുപൊട്ടിച്ച് ഗ്ലാസിലായിരുന്നു വില്‍പ്പന.
20 രൂപയുടെ ഒരു കുപ്പി പൊട്ടിച്ച് നാലു ഗ്ലാസുകളിലാക്കി വിറ്റതോടെ 40 രൂപയാണ് കച്ചവടക്കാര്‍ നേടിയത്. ചില ഗാലറികളില്‍ അര ലിറ്ററിന്റെ കുപ്പിവെളളം വിറ്റത് ഒരു കുപ്പി വെളളത്തിന്റെ വില ഈടാക്കിയാണ്. കോളയുടെ കാര്യവും ഇതുപോലെ തന്നെയാണ്. ഇത്തരം പരാതികള്‍ ഉയര്‍ന്നതോടെയാണ് ലോകകപ്പ് നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് ഇടപെട്ടതും വീഴ്ചകള്‍ പരിഹരിക്കുമെന്ന് അറിയിച്ചതും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *