അട്ടപ്പാടി ശിശുമരണം: സര്‍ക്കാര്‍ ഇടപെടണമെന്ന് ചെന്നിത്തല

അട്ടപ്പാടിയിലെ പുതൂര്‍ വില്ലേജിലെ ആദിവാസി ഊരില്‍ കഴിഞ്ഞയാഴ്ച്ച രണ്ട് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ വര്‍ഷം പതിനാല് നവജാത ശിശുക്കളാണ് അട്ടപ്പാടിയിലെ ആദിവാസി മേഖലകളില്‍ മരിച്ചത്. പോഷകാഹാരക്കുറവും, വിദഗ്ദ്ദരായ ഡോക്ടര്‍മാരുടെ അഭാവവും , മികച്ച ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമാകാത്തതും ആദിവാസി മേഖലകളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം താന്‍ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ അട്ടപ്പാടി പാക്കേജിന് രൂപം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അത്തരത്തിലൊരു പാക്കേജിന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. 2012 മുതല്‍ 63 ഓളം നവജാത ശിശുമരണങ്ങള്‍ അട്ടപ്പാടിയിലുണ്ടായി. കഴിഞ്ഞ വര്‍ഷം എട്ട് നവജാതശിശു മരണമാണ് ഉണ്ടായത്. അതോടൊപ്പം കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ അമ്മമാരാകുന്ന സ്ഥിതി വിശേഷം അട്ടപ്പാടിയില്‍ വര്‍ദ്ധിച്ചുവരികയാണ്. സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പിന്റെയും അടിയന്തിര ഇടപെടല്‍ ഇല്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ഉടന്‍ വിദഗ്ദ്ദ മെഡിക്കല്‍ സംഘത്തെ ഈ മേഖലയിലേക്ക് അയക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *