അഛാദിന്‍ വരണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണം: രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ അഛാദിന്‍ യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ നല്ല ദിനങ്ങള്‍ മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധന വിഷയത്തില്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ജന്‍വേദന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനം മോദി ഒറ്റക്കെടുത്ത തീരുമാനമാണ്. അതുകൊണ്ട് എന്ത് പ്രയോജനമാണുണ്ടായത്. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ന്നെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനമാണ് നോട്ട് നിരോധനം. ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് റിസര്‍വ് ബാങ്കിനെ ദുര്‍ബലപ്പെടുത്തി. നോട്ട് നിരോധിച്ചതിനു ശേഷമുള്ള പല തീരുമാനങ്ങളും ആര്‍.ബി.ഐക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ബി.ജെ.പി ചെയ്തത്.

കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ക്കൊണ്ട് കോണ്‍ഗ്രസ് ഉണ്ടാക്കിയെടുത്തത് രണ്ടര വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ തകിടം മറിച്ചു. ആര്‍.ബി.ഐ, ജുഡീഷ്യറി,തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവയില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസ്യത തകര്‍ന്നു.

നോട്ട് നിരോധനത്തിലൂടെ ലോകത്തിന് മുന്‍പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അപമാനിതനായി. കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാം. അതവരോട് ചോദിച്ചാല്‍ മതി. അക്കാര്യങ്ങള്‍ ബി.ജെ.പിയോട് വിശദീകരിക്കേണ്ടതില്ല.

ജനങ്ങളെല്ലാം മോദി പറഞ്ഞ അഛാദിന്‍ വരാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അതിന് കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്നതും മോദിയും മോഹന്‍ ഭാഗവതും ചേര്‍ന്നാണെന്നും രാഹുല്‍ പരിഹസിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *