അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ ബിരിയാണിയും


അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ ബിരിയാണിയും. ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. പരിഷ്ക്കരിച്ച മെനു വനിത ശിശുവികസന വകുപ്പ് പുറത്തിറക്കി. മുട്ട ബിരിയാണി, പുലാവ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പുതിയ മെനു.ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കു എന്ന കുഞ്ഞ് പറഞ്ഞത് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ശങ്കുവിന്റെ ആഗ്രഹം സാധിച്ച് അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ ബിരിയാണിയും ഉൾപ്പെടുത്തിയിരിക്കുന്നത്.


ശങ്കുവിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ച് നേരത്തെ പറഞ്ഞത് പ്രകാരം അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌ക്കരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.


മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളതെന്നും മന്ത്രി കുറിച്ചു. ഇതാദ്യമായാണ് ഏകീകൃത മാതൃകാ ഭക്ഷണ മെനു തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ 33,120 അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ട മെഴുവേലി ഗ്രാമ പഞ്ചായത്തിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്.



Sharing is Caring