ലക്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടുദിവസമായി നിലനിന്ന രാഷ്ട്രീയ നാടകത്തിനു അന്ത്യം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവാണ് ഇവരെ തിരിച്ചെടുത്ത കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ന് രാവിലെ അഖിലേഷ് തന്റെ വസതിയില്‍ പാര്‍ട്ടി എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ച പ്രാതിനിധ്യമാണ് ഈ യോഗത്തില്‍ ഉണ്ടായത്. 229 എംഎല്‍എമാര്‍ ഉള്ളതില്‍ 200ഓളം പേരും അഖിലേഷിനു പിന്തുണയുമായെത്തി. ഇതിനു പുറമേ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിക്ക് പിന്തുണയറിയിച്ചു. ഇതോട ഔദ്യോഗിക നേതൃത്വം വിഷമവൃത്തത്തിലായി. ഇതിനു ശേഷം പിതാവും പാര്‍ട്ടി തലവനുമായ മുലായം സിംഗ് യാദവുമായും അഖിലേഷ് കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിനു ശേഷമാണ് അഖിലേഷിനെയും ഒപ്പം രാം ഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്നലെയാണ് ഉത്തര്‍ പ്രദേശില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മകന് അഖിലേഷിനെ താനാണ് മുഖ്യമന്ത്രിയാക്കിയതെന്ന് മുലായം സിങ്ങ് യാദവ് പറഞ്ഞിരുന്നു. തന്നോട് ആലോചിക്കാതെയാണ് അഖിലേഷ് തീരുമാനമെടുക്കുന്നത്. രാംഗോപാലാണ് അഖിലേഷിനെ വഴി തെറ്റിക്കുന്നതെന്നും മുലായം ആരോപിച്ചിരുന്നു.
കുടുംബകലഹമാണ് പാര്‍ട്ടിയെ പിളര്‍ത്തിയത്. മുലായത്തിന്റെ സഹോദരനും സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും അഖിലേഷും തമ്മിലെ ഭിന്നതയാണ് എസ്പിയുടെ തെരഞ്ഞെടുപ്പ് മോഹങ്ങളെ കടപുഴക്കിയത്. അഖിലേഷിനെ മറികടന്ന അമര്‍ സിങ്ങിനെ മുലായവും ശിവ്പാലും ഇടപെട്ട് തിരിച്ചെത്തിച്ചതും പ്രശ്നം രൂക്ഷമാക്കി. അടുത്തിടെ ഇരുവരും തമ്മിലെ ഭിന്നത മുലായം ഇടപെട്ട് ഒതുക്കിയിരുന്നു.
സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയാണ് ഇപ്പോഴത്തെ പിളര്‍പ്പ്. തന്റെ അനുയായികള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച അഖിലേഷ് ഒറ്റക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതാണ് പുറത്താകലിന് വഴിവെച്ചത്.













