
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5,357 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
3.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 32,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കേസുകളില്‍ നേരിയ കുറവുണ്ട്. ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്തിടെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കൊവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു. ജാഗ്രത പാലിക്കണമെന്നും ആശുപത്രികള്‍ സജ്ജമാക്കണമെന്നും അദ്ദേഹം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 5,357 കേസുകളില്‍ മൂന്നിലൊന്നും കേരളത്തിലാണ്. സംസ്ഥാനത്ത് ശനിയാഴ്ച 1801 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ആശുപത്രി അഡ്മിഷന് കേസുകളിലും വര്‍ദ്ധനവുണ്ട്.
ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്ക് നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കൊവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണെന്നും മന്ത്രി പറഞ്ഞു.
