ഗുരുതരാവസ്ഥയില്‍ തുടരുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില വെള്ളിയാഴ്ച്ച രാത്രി വഷളായത് ആശങ്ക പടര്‍ത്തി. ചെന്നൈ ഗോപാലപുരത്തെ വസതിയില്‍ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനില ഇന്നലെ രാത്രിയോടെയാണ് മോശമായത്.
അര്‍ധരാത്രിയോടെ കാവേരി ആശുപത്രിയില്‍ നിന്നും ഡോക്ടറുമാരുടെ സംഘം കരുണാനിധിയെ പരിശോധിക്കാനെത്തി. തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ മകന് എം.കെ.സ്റ്റാലിന്, സഹോദരനും മുന്‍കേന്ദ്രമന്ത്രിയുമായ എം.കെ.അഴഗിരി, രാജ്യസഭാ എംപിയും ഇവരുടെ സഹോദരിയുമായ കനിമൊഴി ഡിഎംകെയുടെ മറ്റു ഉന്നതനേതാക്കളും കരുണാനിധിയുടെ വസതിയിലെത്തിയതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് പലതരം അഭ്യൂഹങ്ങളും പരക്കാന്‍ ആരംഭിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ വന്നിരയ്ക്ക് പുറമേ നൂറുകണക്കിന് ഡിഎംകെ പ്രവര്‍ത്തകരും ഗോപാലപുരത്തെ വീട്ടിലേക്ക് ഒഴുകിയെത്തി. ഇതോടെ കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിക്കുകയും വഴികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. രാത്രി പന്ത്രണ്ടരയോടെ കാവേരി ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സ് ഗോപാലപുരത്തെ വീട്ടിലെത്തി. സ്ട്രക്ച്ചറില്‍ കിടത്തി ആംബുലന്‍സിലെത്തിച്ച കരുണാനിധിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡിഎംകെ നേതാവ് എ.രാജ പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. അഭ്യൂഹങ്ങളെ വിശ്വസിക്കരുതെന്ന് പ്രവര്‍ത്തകരോടും അദ്ദേഹം ആവശ്യപ്പെട്ടു. അര്‍ധരാത്രി രണ്ടരയോടെ പുറത്തു വന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ രക്തസമ്മര്‍ദ്ദം സാധാരണനിലയിലായെന്നും കരുണാനിധി ഐസിയുവില്‍ വിദഗ്ദ്ധഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് പറയുന്നത്.