പാക്കിസ്ഥാനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ബുധനാഴ്ച നടന്ന പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ വിജയിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏറെക്കുറ ഉറപ്പാവുകയും ചെയ്തതിനു പിന്നാലെ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിന് ത‍യാറെടുക്കുന്നത്. നവാസ് ഷെരീഫിന്‍റെ പിഎംഎല്‍എന്‍ അടക്കം 12 പാര്‍ട്ടികളാണ് തെഹ്‌രികി ഇന്‍സാഫിന്‍റെ വിജയത്തിനെതിരെ കൈകോര്‍ക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി രാജ്യതലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ചേര്‍ന്ന യോഗത്തില്‍ ഇമ്രാന്‍ ഖാനെതിരെ യോജിച്ചു നീങ്ങാന്‍ 12 പാര്‍ട്ടികളുടെയും നേതാക്കള്‍ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സൈന്യത്തിന്‍റെ ഇടപെടലുണ്ടായെന്നും ബൂത്ത് പിടിത്തം നടന്നുവെന്നുമാണ് ഇവരുടെ ആരോപണം. രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് എംഎംഎ പാര്‍ട്ടി നേതാവും പ്രക്ഷോഭ സമിതി വക്താവുമായ മൗലാന ഫസല്‍ റഹ്മാന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസവും പ്രകടമാണ്. പാലമെന്‍റ് ബഹിഷ്കരിക്കുന്ന കാര്യത്തില്‍ പിഎംഎല്‍എന്‍ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് നവാസ് ഷെരീഫിന്‍റെ സഹോദരരന്‍ ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *