അവധി ആഘോഷിക്കാൻ ഷാർജ വിളിക്കുന്നു.

അല്‍ നൂര്‍ ദ്വീപ്​

ഷാര്‍ജ: കോവിഡ്​ നിയന്ത്രണങ്ങളോടെ സുരക്ഷിതമായ അവധി ആഘോഷം വാഗ്​ദാനം ചെയ്യുകയാണ്​ ഷാര്‍ജ. പെരുന്നാള്‍ ആഘോഷത്തിന്​ നിറംപകരാന്‍ വിവിധ പരിപാടികള്‍ക്ക്​​ പുറമെ പ്രത്യേക കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്​ ഷാര്‍ജയിലെ വിനോദകേന്ദ്രങ്ങള്‍. കുട്ടികള്‍ക്ക് അറിവും ആനന്ദവും പകരുന്ന പരിശീലനക്കളരികളും സൗജന്യ പ്രദര്‍ശനങ്ങളും തൊട്ട് കുടുംബസമേതം പ്രകൃതികാഴ്ചകള്‍ ആസ്വദിച്ച്‌ ആഡംബര ഹോട്ടലുകളിലെ താമസംവരെ നീളുന്ന ഈദ് വിരുന്നുകള്‍ ഷാര്‍ജ നിക്ഷേപ വികസന വകുപ്പിന് (ഷുറൂഖ്) കീഴിലുള്ള വിവിധ വിനോദ കേന്ദ്രങ്ങളിലുണ്ട്.

അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ കലാപ്രദര്‍ശനം

അല്‍ മജാസില്‍ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പ്രത്യേക കലാപ്രദര്‍ശനങ്ങളുണ്ടാവും.
ഇരുട്ടില്‍ മിന്നിത്തിളങ്ങുന്ന നിയോണ്‍ അനിമേഷന്‍ ഷോ (മേയ് 13), ഡ്രംസ് ഷോ (മേയ് 14),മെയ്​വ​ഴക്കത്തി​െന്‍റ അഭ്യാസപ്രകടനം അരങ്ങേറുന്ന വീല്‍ അക്രോബാറ്റ് ഷോ (മേയ് 15) എന്നിങ്ങനെയാണ് പ്രദര്‍ശനങ്ങള്‍. ഇതിന് പുറമെ മേയ് 13, 14 തീയതികളില്‍ പ്രത്യേക പരേഡുകളും അരങ്ങേറും. വൈകീട്ട്​ അഞ്ച് മുതല്‍ രാത്രി പത്തുവരെയാണ് പരിപാടി.

സിറ്റി ബസ് യാത്രയും ബോട്ട് സഞ്ചാരവും

ഷാര്‍ജ ന​ഗരക്കാഴ്ചകള്‍ ആസ്വദിച്ച്‌ വിവിധ വിനോദ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന ഇരുനില ബസ് യാത്രക്കും ഖാലിദ് തടാകത്തിലെ ബോട്ട് യാത്രക്കുമുള്ള ടിക്കറ്റുകള്‍ക്ക് ഈദ് അവധി ദിനങ്ങളില്‍ പ്രത്യേക ഓഫറുകളുണ്ട്. മുതിര്‍ന്നവര്‍ക്കുള്ള രണ്ട് ടിക്കറ്റെടുത്താല്‍ രണ്ട് കുട്ടികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ഷാര്‍ജയില്‍ നിന്ന് ഖോര്‍ഫക്കാന്‍ വരെ ഇരുനില ബസ് യാത്രക്കുള്ള ടിക്കറ്റിനും കിഴിവുണ്ട്. മുതിര്‍ന്നവര്‍ക്ക് 120 ദിര്‍ഹമും കുട്ടികള്‍ക്ക് 100 ദിര്‍ഹമുമാണ് നിരക്ക്.

ചിത്രശലഭക്കാഴ്ചകള്‍ക്കും പ്രകൃതിദൃശ്യങ്ങള്‍ക്കും പ്രശസ്തമായ ഷാര്‍ജ അല്‍ നൂര്‍ ദ്വീപില്‍ പെരുന്നാളവധി ദിനങ്ങളില്‍ ടിക്കറ്റുകളില്‍ 30 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദ്വീപിലേക്കും ശലഭവീട്ടിലേക്കുമുള്ള ടിക്കറ്റിന് മുതിര്‍ന്നവര്‍ക്ക് 35 ദിര്‍ഹമും കുട്ടികള്‍ക്ക് 20 ദിര്‍ഹമുമാണ് നിരക്ക്.

ഖോര്‍ഫക്കാന്‍ ബീച്ച്‌

13, 14 തീയതികളില്‍ വൈകീട്ട്​ ആറ് മുതല്‍ രാത്രി 10 വരെ നീളുന്ന നിരവധി കലാകായിക പ്രദര്‍ശനങ്ങളാണ് ഖോര്‍ഫക്കാന്‍ ബീച്ചിലെ പെരുന്നാള്‍ വിശേഷം. പരേഡുകളും ഡ്രം മാര്‍ച്ചും കടല്‍തീരത്തെ ആഘോഷത്തിന് നിറംപകരും. വിനോദ കേന്ദ്രങ്ങള്‍ക്ക് പുറമെ ഷുറൂഖിന് കീഴിലുള്ള അല്‍ ബെയ്ത് ഹോട്ടലിലും കിങ്ഫിഷര്‍, അല്‍ ബദായര്‍, അല്‍ഫയ റിട്രീറ്റുകളിലും പെരുന്നാളിനോടനുബന്ധിച്ച്‌​ പ്രത്യേക നിരക്കുകളും കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും കലാപ്രദര്‍ശനങ്ങളുമെല്ലാം കോവിഡ് നിയന്ത്രണങ്ങളും പ്രോട്ടോകോളും പൂര്‍ണമായും പാലിച്ചാണ് ഒരുക്കിയത്. സാമൂഹിക അകലവും മാസ്ക്കും നിര്‍ബന്ധമാണ്. ആളുകള്‍ കൂട്ടംകൂടുന്നത് നിയന്ത്രിക്കും.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *