പിച്ചിനെച്ചൊല്ലിയുള്ള കരച്ചില്‍ നിര്‍ത്തൂ; ഇംഗ്ലണ്ടിനോട് വിവിയന്‍ റിച്ചാര്‍ഡ്

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ചിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ വെസ്റ്റ്ഇന്‍ഡീസ് മുന്‍ നായകന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്. പിച്ചിന്റെ പേരിലെ രോദനങ്ങളും ഞരക്കങ്ങളും അവസാനിപ്പിക്കണമെന്ന് റിച്ചാര്‍ഡ് പറഞ്ഞു. വേഗതയുള്ള പിച്ചുകള്‍ ഉണ്ടാക്കി കളിക്കുന്നവരാണ് ഇപ്പോള്‍ വേഗം കുറഞ്ഞ പിച്ചിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനും മറുവശമുണ്ടെന്ന് മനസിലാക്കണമെന്നും റിച്ചാര്‍ഡ്സ് കൂട്ടിച്ചേര്‍ത്തു.

പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിനെക്കുറിച്ച് ഒരുപാട് പേര്‍ എന്നോട് അഭിപ്രായം ചോദിക്കുന്നുണ്ട്. പിച്ചിനെ ചൊല്ലി ഒരുപാട് വിലാപങ്ങളും, ഞരക്കങ്ങളും ഉയരുമ്പോള്‍ ആ ചോദ്യങ്ങളില്‍ ഞാന്‍ ഒരല്‍പ്പം ആശയ കുഴപ്പത്തിലാണെന്നും റിച്ചാര്‍ഡ് പറയുന്നു. ബുദ്ധിയേയും, മനശക്തിയേയുമെല്ലാം പരീക്ഷിക്കുന്നത് കൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന് പറയുന്നത് തന്നെ. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇങ്ങനെയാവും കാര്യങ്ങളെന്ന് പ്രതീക്ഷിക്കണം. എന്താണ് നേരിടാന്‍ പോവുന്നത് എന്നത് തിരിച്ചറിഞ്ഞ് അതിനായി ഒരുങ്ങി പോവണമെന്നും റിച്ചാര്‍ഡ് പറഞ്ഞു.

പരമ്പരയിലെ ആദ്യ ടെസ്റ്റ് മുതല്‍ ഇംഗ്ലണ്ട് കംഫേര്‍ട്ട് സോണിലായിരുന്നു. എന്നാലിപ്പോള്‍ ആ കംഫേര്‍ട്ട് സോണില്‍ നിന്ന് പുറത്ത് വന്ന്, മുന്‍പിലെത്തിയിരിക്കുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ വഴി കണ്ടെത്തേണ്ട അവസ്ഥയിലാണെന്നും റിച്ചാര്‍ഡ് പറയുന്നു. നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. മാര്‍ച്ച് നാലിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റിലായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. ജോ റൂട്ട് ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *