കാലവര്‍ഷക്കെടുതി : ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

പ്രളയക്കെടുതിയിൽ കേരളത്തിന‌് അർഹമായ നഷ്ടപരിഹാരം നൽകാൻ ദുരന്തനിവാരണ വ്യവസ്ഥകളിൽ ഇളവുനൽകണമെന്ന ആവശ്യം കേന്ദ്രം തള്ളി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ആഭ്യന്തരസഹമന്ത്രി കിരൺ റിജിജു തള്ളി. ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഈയാഴ്ചതന്നെ കേരളം സന്ദർശിക്കുമെന്നും അതിനുശേഷം നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രമന്ത്രിതല സമിതി തീരുമാനിക്കുമെന്നും കിരൺ റിജിജു ലോക്സഭയിൽ ചർച്ചയ്ക്ക് മറുപടി നൽകി. ഓഖിദുരന്തം കഴിഞ്ഞ‌് അഞ്ചുമാസത്തിനുശേഷം ഏറ്റവും രൂക്ഷമായ കാലവർഷക്കെടുതിയും നേരിട്ട കേരളത്തിന‌് നഷ്ടപരിഹാര വ്യവസ്ഥകളിൽ ഇളവ് അനുവദിക്കണമെന്ന് സിപിഐ എം ലോക്സഭാ നേതാവ് പി കരുണാകരൻ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ, മന്ത്രി ഇക്കാര്യം അംഗീകരിച്ചില്ല.

അതേസമയം, പ്രളയക്കെടുതി ദുരിതാശ്വാസപ്രവർത്തനം കേരളത്തിൽ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രളയമേഖലയിൽ താൻ നടത്തിയ സന്ദർശനത്തിൽനിന്ന് ഇക്കാര്യം ബോധ്യമായി. ദുരന്തബാധിതരെ സഹായിക്കാൻ കേരളവും കേന്ദ്രവും സംയുക്തമായി നീങ്ങും. ഇക്കാര്യത്തിൽ വിവേചനത്തിന്റെ പ്രശ്നമില്ല. വൻകെടുതിയാണ് കേരളത്തിലുണ്ടായത്. എന്നാൽ, 14 ധനകാര്യ കമീഷന്റെ മാനദണ്ഡങ്ങൾപ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല. അതീവ ഗുരുതരസ്വഭാവമുള്ള ദുരന്തമായി മാത്രമേ പ്രഖ്യാപിക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.

കാർഷികമേഖലയിൽ ഉണ്ടായ നഷ്ടത്തിനു മതിയായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ കൃഷിമന്ത്രി രാധാമോഹൻസിങ്ങും കൃത്യമായ മറുപടി നൽകിയില്ല. കുട്ടനാടിന‌് പ്രത്യേക സഹായം നൽകണമെന്ന ആവശ്യവും പരിഗണിച്ചില്ല. പി കെ ശ്രീമതി, പി കെ ബിജു, ജോയിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ എന്നിവരും കേന്ദ്രനിലപാടിൽ ശക്തമായി പ്രതിഷേധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *