കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം

ലക്‌നോ: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം പിന്നീടുന്നു. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് കര്‍സേവകരാണ് 1992 ല്‍ ഡിസംബര്‍ ആറിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്.

എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്ക് നടന്ന രഥയാത്രയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1992 ഡിസംബര്‍ ആറിന് ബി.ജെ.പിയും വി.എച്ച്.പിയും സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷം കര്‍സേവകരുടെ റാലി അക്രമാസക്തമാവുകയിയിരുന്നു. തുടര്‍ന്ന് പൊലീസ് സുരക്ഷാസേനയെ പോലും നോക്കുകുത്തിയാക്കിയാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്.

അന്നത്തെ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി, വി.എച്ച്.പി നേതാവ് വിനയ് കത്യാര്‍ എന്നിവര്‍ കര്‍സേവകരെ പള്ളി തകര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ കൊല്ലപ്പെടുകയും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.

ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശത്തര്‍ക്കം ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. നിര്‍മോഹി അഖാഡ, രാം ലല്ല ട്രസ്റ്റ്, സുന്നി വഖഫ് ബോര്‍ഡ് എന്നിവരാണ് ഈ കേസിലെ കക്ഷികള്‍. ഈകേസ് വരുന്ന ജനുവരിയില്‍ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും.

എന്നാല്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് ആസന്നമായതോടെ അയോധ്യ വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. കോടതി വിധിക്ക് കാത്ത് നില്‍ക്കാതെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

അതേസമയം വി.എച്ച്.പി, ബജ്‌റംഗ്ദള്‍ നേതാക്കള്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ശൗര്യ ദിവസ് ആയി ആഘോഷിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മുസ്‌ലിം സംഘടനകള്‍ കരിദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ 2500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സി.ആര്‍.പി.എഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എന്നിവരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ബാബറി മസ്ജിദ് നിന്നിടത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം പുരാവസ്തു ഗവേഷകര്‍ രംഗത്തെത്തിയിരുന്നു. ബാബറി മസ്ജിദിനു കീഴില്‍ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രയോഗമാര്‍ഗമെന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് (അര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നുമാണ് പുരാവസ്തുഗവേഷകരുടെ വെളിപ്പെടുത്തല്‍.

അയോധ്യയില്‍ പള്ളിനിന്നിരുന്ന സ്ഥലത്തു നടത്തിയ ഖനനത്തില്‍ പങ്കെടുത്ത സുപ്രിയാ വര്‍മ്മയും ജയാ മേനോനുമാന് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ തങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കളവായിരുന്നുവെന്നും ഇവര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *