ക്യാപ്റ്റന് ഓടി പോവാനാവില്ല,ഇനി വരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂന്ന് മത്സരങ്ങളും കളിക്കും ;ധോനി

ഇനി വരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂന്ന് മത്സരങ്ങളും കളിക്കുമെന്ന് വ്യക്തമാക്കി ധോനി. ക്യാപ്റ്റന് ഓടി പോവാനാവില്ല. അതുകൊണ്ട് ഞാന്‍ എല്ലാ മത്സരങ്ങളും കളിക്കും, മുംബൈക്കെതിരെ കൂറ്റന്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ധോനി പറഞ്ഞു.

അടുത്ത വര്‍ഷത്തേക്കുള്ള ചിത്രം വ്യക്തമാക്കുകയാണ് ഇനിയുള്ള മൂന്ന് മത്സരങ്ങളിലൂടെ ഉദ്ധേശിക്കുന്നത്. താര ലേലം, എവിടെയായിരിക്കും വേദി, നിലവില്‍ ടീമിലുള്ളവര്‍ക്ക് അവരുടെ യഥാര്‍ഥ കഴിവ് പുറത്തെടുക്കാനുള്ള അവസരം എന്നിവയാണ് ഇനി മുന്‍പിലുള്ളത്. അടുത്ത മൂന്ന് കളിയും പരമാവധി പ്രയോജനപ്പെടുത്തണം. അടുത്ത വര്‍ഷത്തേക്കുള്ള മുന്നൊരുക്കമാവും അതെന്നും ധോനി പറഞ്ഞു.

‘ടീം അംഗങ്ങളെല്ലാം അവരുടെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിട്ടും ഫലം ഇങ്ങനെയാവുമ്ബോള്‍ അത് വേദനിപ്പിക്കുന്നു. ഇത് ഞങ്ങളുടെ വര്‍ഷമല്ല. ഈ വര്‍ഷം ഒന്നോ രണ്ടോ കളിയില്‍ മാത്രമാണ് ഞങ്ങള്‍ നന്നായി പന്തെറിഞ്ഞതും ബാറ്റ് ചെയ്തതും.

പത്ത് വിക്കറ്റിനാണോ, എട്ട് വിക്കറ്റിനാണോ തോറ്റത് എന്നത് വലിയ വിഷയമാവുന്നില്ല. എല്ലാ കളിക്കാരേയും അത് വേദനിപ്പിക്കുന്നു. എപ്പോഴും കാര്യങ്ങള്‍ നമ്മുടെ വഴിയേ വരില്ല.’

കഴിവിന് അനുസരിച്ച്‌ കളിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കുകയാണ് പ്രധാനപ്പെട്ട കാര്യം. കടലാസിലെ കണക്കുകള്‍ നോക്കി പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്തിട്ട് അവര്‍ നിതീ പുലര്‍ത്തിയോ എന്ന് ചോദ്യമുണ്ട്. ഈ വര്‍ഷം നീതി പുലര്‍ത്തിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. മൂന്നോ നാലോ ബാറ്റ്‌സ്മാന്മാര്‍ മികവ് കാണിക്കാത്തത് കാര്യങ്ങള്‍ കുഴപ്പിക്കുന്നു, ധോനി പറഞ്ഞു.

മുംബൈക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന് തകര്‍ന്നിടത്ത് നിന്നാണ് സാം കറാന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ചെന്നൈ 100 കടന്നത്. കറാന്‍ 47 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും പറത്തി 52 റണ്‍സ് നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ടും, രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചഹറും, ബൂമ്രയും ചേര്‍ന്നാണ് ചെന്നൈയെ തകര്‍ത്തിട്ടത്.

മുംബൈയുടെ ന്യൂബോള്‍ ആക്രമണത്തിന് മുന്‍പില്‍ ചെന്നൈ മുന്‍നിര തകര്‍ന്നടിഞ്ഞു. 115 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 46 പന്തുകള്‍ ശേഷിക്കെ വിക്കറ്റ് നഷ്ടമില്ലാതെ ജയം തൊട്ടു. 37 പന്തില്‍ നിന്ന് ആറ് ഫോറും അഞ്ച് സിക്‌സും പറത്തി 68 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ജയം വേഗത്തിലാക്കിയത്. ഡികോക്ക് 46 റണ്‍സ് നേടി.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *