ഹണിപ്രീതിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി; ഇന്ന് കോടതിയില്‍ ഹാജരാക്കും


വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. ഇന്നലെ അറസ്റ്റു ചെയ്ത ഇവരെ ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാക്കും. ഇന്ന് പുലര്‍ച്ചെ ഒര മണിയോടെ പഞ്ച്കുളയിലെ സിവില്‍ ആശുപത്രിയില്‍ വച്ചാണ് അവരുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയത്.


ഒരു മാസത്തെ അന്വേഷണത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഹണിപ്രീതിനെ പൊലിസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്. ചണ്ഡീഗഢിനു സമീപം ദേശീയപാതയില്‍ വെച്ചാണ് ഹരിയാന പൊലിസ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്.


താന്‍ ഒരിക്കലും രാജ്യം വിട്ടു പോവില്ലെന്നും നിയമപരമായ ഉപദേശം ലഭിച്ച ശേഷം കീഴടങ്ങുമെന്നും അവര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാന പൊലിസിന്റെ അറസ്റ്റ്.

ഗുര്‍മീതിനെ ബലാത്സംഗ കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളുടെ മുഖ്യ സൂത്രധാരയെന്ന് സംശയിക്കുന്ന വ്യക്തിയാണ് ഹണിപ്രീത്. പൊലിസ് അന്വേഷണം തനിക്കുനേരെയാണെന്ന് മനസിലാക്കിയ ഹണിപ്രീത് ഒരു മാസത്തിലേറെയായി ഒളിവിലായിരുന്നു.



Sharing is Caring