മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍; കളക്ടര്‍ ടി.വി അനുപമയും സംഘവും ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്നു വീണ്ടും തെളിവെടുപ്പ് നടത്തും. ഇന്നു നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാണ്ടിയുടെ ബന്ധുവിനു നോട്ടിസ് നല്‍കി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപത്തെ നിലം നികത്തല്‍ സംബന്ധിച്ചു കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ തെളിവെടുപ്പില്‍ രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് പ്രതിനിധികള്‍ ഇന്നുവരെ സമയം ചോദിച്ചിരുന്നു.

നിലം നികത്തിയെടുത്ത പാര്‍ക്കിങ് ഗ്രൗണ്ട് തങ്ങളുടെ ഉടമസ്ഥതയിലല്ലെന്ന് നിലപാടെടുത്ത റിസോര്‍ട്ട് പ്രതിനിധികള്‍ തങ്ങളുടെ വാദം തെളിയിക്കാനുള്ള രേഖകള്‍ ഇന്നു ഹാജരാക്കുമെന്നാണ് അറിയുന്നത്. കലക്ടര്‍ ടി.വി.അനുപമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം ലേക്ക് പാലസിനു സമീപം പരിശോധന നടത്തിയിരുന്നു.ദേശീയ ജലപാത ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണ് റിസോര്‍ട്ട് ഉടമകളുമായി ബന്ധമുള്ള വ്യക്തിയുടെ പാടശേഖരത്തില്‍ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം.

ജലവിഭവ വകുപ്പ് അമിതവില നിശ്ചയിച്ചതിനെ തുടര്‍ന്നു മണ്ണ് പാടശേഖരത്തില്‍ത്തന്നെ കിടക്കുകയാണ്. പരോക്ഷമായി പാടശേഖരം നികത്താനാണ് ഈ രീതിയില്‍ നീക്കം നടത്തിയതെന്ന ആരോപണത്തെ തുടര്‍ന്നാണു കലക്ടര്‍ ഇവിടെ പരിശോധന നടത്തിയത്. പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഉടമസ്ഥനെ കണ്ടെത്താനായി റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റവന്യു അധികൃതരുടെ നേതൃത്വത്തില്‍ ഇവിടെ പരിശോധന നടത്തുകയും ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *