സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോകാന്‍ അപേക്ഷിച്ചവരുടെ എണ്ണം എഴുപതിനായിരം കവിഞ്ഞു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച സംസ്ഥാനമെന്ന ഖ്യാതി ഇത്തവണയും കേരളത്തിനാകും. ഹജ്ജ് അപേക്ഷ സ്വീകരണം ഇനിയും ഒരാഴ്ച കൂടിയുള്ളതിനാല്‍ അപേക്ഷകരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാളും വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം 76,417 പേരാണ് കേരളത്തില്‍ അപേക്ഷകരായുണ്ടായിരുന്നത്. ഇക്കഴിഞ്ഞ രണ്ട് മുതലാണ് ഹജ്ജ് അപേക്ഷ സ്വീകരണം തുടങ്ങിയത്. 24 വരെയായിരുന്നു നേരത്തെ തിയതി നിശ്ചയിച്ചതെങ്കിലും പിന്നീട് ഫെബ്രുവരി ആറിലേക്ക് നീട്ടുകയായിരുന്നു.
ഹജ്ജിന് എഴുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്കും നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം ലഭിക്കും. എഴുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ അപേക്ഷ ആയിരം കവിഞ്ഞു. അഞ്ചാം വര്‍ഷക്കാരും 9,000 ലേറെയായി. ശേഷിക്കുന്നവരില്‍ നറുക്കെടുപ്പ് നടത്തി തീര്‍ഥാടകരെ കണ്ടെത്തും. നറുക്കെടുപ്പ് മാര്‍ച്ച് ആദ്യവാരത്തില്‍ നടത്തും.













