സൗദി അറേബ്യയില്‍ പട്ടിണി:10,000 പേര്‍ക്ക് കേന്ദ്രം ഭക്ഷണമെത്തിച്ചു


സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട പതിനായിരത്തോളം ഭാരത പൗരന്മാര്‍ സൗദി അറേബ്യയില്‍ പട്ടിണിയില്‍. അടിയന്തര സാഹചര്യം മനസ്സിലാക്കി കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സൗദിയിലെ ഭാരത കോണ്‍സുലേറ്റ് പൗരന്മാര്‍ക്ക് സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. വിഷയം സൗദി ഭരണാധികാരികളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങിനെ സൗദിയിലേക്കയക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.


മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ എത്രയും വേഗം രാജ്യത്തേക്ക് തിരിച്ചെത്തിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ദിനം 15,000 കിലോ ഭക്ഷ്യവസ്തുക്കള്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ട്. എംബസിയുടെ മേല്‍നോട്ടത്തില്‍ സൗദിയിലെ അഞ്ചു ക്യാമ്പുകളിലായി പട്ടിണിയിലാവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. സ്വന്തം സഹോദരങ്ങളെ സഹായിക്കണമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സൗദിയിലെ 30 ലക്ഷത്തോളം വരുന്ന ഭാരത സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.


ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തേക്കാള്‍ വലുതല്ല മറ്റൊന്നുമെന്നും തൊഴിലില്ലാത്ത ഭാരതീയര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. 15,475 കിലോ ഭക്ഷ്യവസ്തുക്കള്‍ ക്യാമ്പില്‍ എത്തിച്ചിട്ടുണ്ട്. എണ്ണൂറോളം ഭാരതീയര്‍ കഴിഞ്ഞ മൂന്നുദിവസമായി ഭക്ഷണം പോലുമില്ലാതെ ജിദ്ദയില്‍ വലയുകയാണെന്ന ഒരു പ്രവാസിയുടെ ട്വിറ്റര്‍ സന്ദേശത്തെ തുടര്‍ന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രി അടിയന്തരമായി ഇടപെട്ടത്. എന്നാല്‍, എണ്ണൂറു പേരല്ല പതിനായിരത്തോളം പൗരന്മാരാണ് കടുത്ത പട്ടിണിയില്‍ സൗദിയിലും കുവൈറ്റിലുമായി കഴിയുന്നതെന്ന് സുഷമാ സ്വരാജ് പറഞ്ഞു.



Sharing is Caring