സ്മിത്തിന് പകരം പുതിയ താരത്തെ ടീമിലെടുത്ത് ഓസ്‌ട്രേലിയ


സിഡ്‌നി: പന്തില്‍ കൃത്രിമം കാണിച്ചതിന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന് പകരം പുതിയ താരത്തെ ഓസ്‌ട്രേലിയ ടീമിലുള്‍പ്പെടുത്തി. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ മാറ്റ് റെന്‍ഷോയാണ് ടീമിലിടം നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ റെന്‍ഷോ കളിച്ചേക്കും. മൂന്നു ടെസ്റ്റ് അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലാണ്.


ചൊവ്വാഴ്ച്ച വൈകുന്നേരം ജോഹന്നാസ്ബര്‍ഗിലെത്തുന്ന റെന്‍ഷാ ടീമിനൊപ്പം ചേരും. ഓസ്‌ട്രേലിയക്കായി 10 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച റെന്‍ഷാ 2017ല്‍ ബംഗ്ലാദേശിനെതിരെയാണ് അവസാനമായി കളത്തിലിറങ്ങിയത്. 10 മത്സരങ്ങളില്‍ നിന്നായി 623 റണ്‍സ് അക്കൗണ്ടിലുള്ള റെന്‍ഷായുടെ ബാറ്റിങ് ശരാശരി 36.64 ആണ്. 184 റണ്‍സാണ് ഏറ്റവുമയര്‍ന്ന സ്‌കോര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് മാറ്റ് റെന്‍ഷോ. ഇന്ത്യന്‍ പര്യടനത്തില്‍ ഡേവിഡ് വാര്‍ണ്ണറിനൊപ്പം ഓപ്പണ്‍ ചെയ്തത റെന്‍ഷായായിരുന്നു.


ആഭ്യന്തര ലീഗ് മത്സരത്തില്‍ റെന്‍ഷായ്‌ക്കൊപ്പം കളിക്കുന്ന ജോ ബേണ്‍സും ഓസ്‌ട്രേലിയന്‍ ടീമിലെത്തുമെന്ന് സൂചനയുണ്ട്. പക്ഷേ ഇക്കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.



Sharing is Caring