മയക്കുമരുന്നുമായി യുവമോര്‍ച്ച നേതാവ് പിടിയില്‍ ; ഒപ്പം കൊലക്കേസ് പ്രതിയും

ഹരിപ്പാട്: യുവമോര്‍ച്ച- ബിഎംഎസ് നേതാവിനെ കൊലക്കേസ് പ്രതിക്കൊപ്പം കാറില്‍ മയക്കുമരുന്നുമായി ഹരിപ്പാട് പൊലീസ് അറസ്റ്റു ചെയ്തു. ബിഎംഎസ്- യുവമോര്‍ച്ച ആലപ്പുഴ ആശ്രമം മന്നത്ത് യൂണിറ്റ് നേതാവ് അവലൂക്കുന്ന് പുത്തന്‍പുരക്കല്‍ പ്രശാന്ത് (32), കൈനകരി കുന്നത്തറയില്‍ അഭിലാഷ് (പുന്നമട അഭിലാഷ് 37) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് നൈട്രോസെഫാം ടാബ്ലറ്റിന്റെ 200 എണ്ണം പിടികൂടി.

രണ്ട് കൊലക്കേസ്, ഒരുവധശ്രമക്കേസ് അടക്കം ആലപ്പുഴ സൌത്ത്, നോര്‍ത്ത്, നെടുമുടി, കൈനകരി, പുളിങ്കുന്ന് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് അഭിലാഷ്. ഞായറാഴ്ച വൈകിട്ട് വീയപുരം ഹരിപ്പാട് റോഡില്‍ കോമളത്തുകുളങ്ങര ഭാഗത്തുവച്ചാണ് ഇവര്‍ പിടിയിലായത്.

ഹരിപ്പാടും പരിസരങ്ങളിലുമുള്ള സ്കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവരികയായിരുന്നു. ഒരുമാസംമുമ്ബും മയക്കുമരുന്നുമായി രണ്ടുപേരെ ഹരിപ്പാട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഹരിപ്പാട് സിഐ ടി മനോജ്, എസ്‌ഐ കെ ബി ആനന്ദബാബു, എസ്‌ഐ കെ സജി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *