കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസിന് സുപ്രധാന വഴിത്തിരിവ്. കേസ് വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ ചാണ്ടിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കുല്‍സിത ശ്രമങ്ങള്‍ നടത്തി. മുഖ്യമന്ത്രിയും പി.എയും ഉപഭോക്താക്കളെ വഞ്ചിക്കാന്‍ സരിതയെ സഹായിച്ചു. അഴിമതിക്ക് യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടു നിന്നു എന്നതാണ് പ്രധാന ആരോപണം. ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ അന്നത്തെ ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലിസില്‍ സ്വാധീനം ചെലുത്തിയെന്നും ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും ശുപാര്‍ശയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഈ മാസം മൂന്നിന് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശം ചൊവ്വാഴ്ച ലഭിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ഇരുവരും പ്രത്യേകം നിയമോപദേശം നല്‍കുകയായിരുന്നു. റിപ്പോര്‍ട്ടിനകത്തുള്ള പരാമര്‍ശങ്ങളിലാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ ഇവ നിയമസഭയില്‍ സമര്‍പ്പിക്കും.













