സൂരജ് രേവണ്ണയുടെ സി.ഐ.ഡി കസ്റ്റഡി ബുധനാഴ്ച വരെ നീട്ടി


ബംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ അറസ്റ്റിലായ ജെ.ഡി-എസ് എം.എല്‍.സി സൂരജ് രേവണ്ണയുടെ (37) സി.ഐ.ഡി കസ്റ്റഡി രണ്ടു ദിവസത്തേക്കുകൂടി നീട്ടിനല്‍കി കോടതി.


വിശദമായ ചോദ്യം ചെയ്യലിനായി ജൂണ്‍ 23ന് അനുവദിച്ച എട്ടു ദിവസത്തെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെയാണ് അന്വേഷണ സംഘം സൂരജ് രേവണ്ണയെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.


ജൂണ്‍ 23ന് അറസ്റ്റിലായ സൂരജ് രേവണ്ണക്കെതിരെ ജൂണ്‍ 25ന് മറ്റൊരു ലൈംഗിക പീഡന പരാതികൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. സൂരജിന്റെ അടുത്ത സഹായിയാണ് രണ്ടാമത്തെ പരാതി നല്‍കിയത്. ഇയാള്‍ നേരത്തെ സൂരജിനുവേണ്ടി ഒന്നാം കേസിലെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു. ഹാസൻ അർക്കല്‍ ഗുഡ് സ്വദേശിയും 27കാരനുമായ ജെ.ഡി-എസ് പ്രവർത്തകനാണ് സൂരജ് രേവണ്ണക്കെതിരെ ആദ്യം പീഡന പരാതി നല്‍കിയത്.

ജൂണ്‍ 16ന് ഗണ്ണിക്കടയിലെ സൂരജിന്റെ ഫാം ഹൗസില്‍വെച്ച്‌ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ജൂണ്‍ 22ന് കേസ് രജിസ്റ്റർ ചെയ്ത ഹൊളെ നരസിപൂർ പൊലീസ്, സൂരജ് രേവണ്ണയെ പിടികൂടി, രാത്രി മുഴുവൻ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പിറ്റേന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഐ.പി.സി 377, 342, 506 വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ആഭ്യന്തര വകുപ്പ് ഉടൻ സി.ഐ.ഡി വിഭാഗത്തിന് കൈമാറിയിരുന്നു.



Sharing is Caring