സുപ്രീംകോടതിയിലെ പ്രശ്നങ്ങ‍ള്‍ക്ക് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍


ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രശ്നങ്ങ‍ള്‍ പരിഹരിക്കുന്നതിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ആവശ്യവുമായി ജഡ്ജിമാര്‍ രംഗത്ത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ സുരക്ഷയ്ക്കും ഭാവിക്കും ഇത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാര്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്. കൂടുതല്‍ ജഡ്ജിമാര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയെന്നാണ് വിവരം.


ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയ്‌യും മദന്‍.ബി.ലോക്കൂറും ഇക്കാര്യമാവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് കത്തയച്ചു. ചീഫ് ജസ്റ്റീസിനെ ഇംപീച്ച്‌ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു നോട്ടീസ് തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍ രംഗത്തെത്തിയിരിക്കുന്നത്.


അതേസമയം, ജസ്റ്റീസ് മിശ്ര കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ നടന്ന ജഡ്ജിമാരുടെ യോഗത്തിലും പിന്നീട് ചായ സമ‍യത്തും ജഡ്ജിമാര്‍ ഫുള്‍കോര്‍ട്ട് സംബന്ധിച്ച്‌ വിഷയം അവതരിപ്പിച്ചങ്കിലും ചീഫ് ജസ്റ്റീസ് പ്രതികരിച്ചില്ലെന്നാണ് വിവരം. നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട് സുപ്രധാന വിഷയങ്ങള്‍ ഉയരുന്ന സമയത്താണ് സാധാരണയായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഫുള്‍കോര്‍ട്ട് വിളിക്കാറുള്ളത്. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഈ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് ചട്ടം.



Sharing is Caring