സാമൂഹിക പ്രവര്‍ത്തകയെ കുത്തിക്കൊന്ന് മാറിടം അറുത്ത പ്രതി അറസ്റ്റില്‍


സാമൂഹികപ്രവര്‍ത്തകയെ അരുംകൊല നടത്തിയ കേസിലെ പ്രതി പിടിയില്‍. കുത്തിക്കൊന്നശേഷം ഇടതുമാറിടം അറത്തുകൊണ്ടുപോയ സംഭവത്തില്‍ തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (30) ആണ് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലായത്. ഇരുമ്ബുപാലം പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട് സിയാദിന്റെ ഭാര്യ സെലീന (38)യാണ് ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ തൊടുപുഴയിലെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്.


സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: ‘2015-ല്‍ ഗിരോഷ് അടിമാലി ബസ് സ്റ്റാന്‍ഡില്‍ തന്റെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. മാങ്കുളത്തെ അനാഥയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം കേസിലേക്കു നീങ്ങി. ഈ സമയം സാമൂഹിക പ്രവര്‍ത്തകയും കൗണ്‍സിലറുമായ സെലീന വിഷയത്തില്‍ ഇടപെട്ടു. പ്രായപൂര്‍ത്തിയാകുമ്ബോള്‍ പെണ്‍കുട്ടിയെ ഗിരോഷ് വിവാഹം കഴിക്കണമെന്ന വ്യവസ്ഥയുണ്ടാക്കി. ഈ വ്യവസ്ഥ അംഗീകരിച്ചപ്പോള്‍ പ്രശ്നം പോലീസിലെത്താതെ ഒതുങ്ങി.
2015 ഏപ്രിലില്‍ വ്യവസ്ഥയനുസരിച്ച്‌ ഗിരോഷ് തൊടുപുഴ അമ്ബലത്തില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. വിവാഹത്തിന് മുന്‍പന്തിയില്‍ സെലീന ഉണ്ടായിരുന്നു. അന്നുമുതല്‍ സെലീനയോട് ഗിരോഷിന് വൈരാഗ്യമായി. ഇത് പുറത്തു കാണിക്കാതെ സൗഹൃദം നടിച്ചു.
ഒരുവര്‍ഷം മുന്‍പ് സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍നിന്ന് വായ്പയെടുത്ത് സെലീന ഒരു വാഹനം വാങ്ങി. വായ്പയ്ക്ക് ജാമ്യംനിന്നത് ഗിരോഷായിരുന്നു. മൂന്നുതവണയില്‍ കൂടുതല്‍ സെലീനയുടെ വായ്പ അടവു മുടങ്ങി. ഇത് വേഗം അടയ്ക്കാന്‍ ഗിരോഷ് ആവശ്യപ്പെട്ടു. അടിമാലി സ്റ്റേഷനില്‍ സെലീനക്കെതിരേ പരാതിയും നല്‍കി. പരാതിയില്‍ നടപടിയൊന്നും ഉണ്ടായില്ല. വേറെയും പണം സെലീന ഇയാളില്‍നിന്ന് വാങ്ങിയിരുന്നു. ഇത് ഗിരോഷിന് വലിയ സാമ്ബത്തിക ബാധ്യതയുണ്ടാക്കി.


ഇതിനിടെ ഗര്‍ഭിണിയായ ഭാര്യയെ പ്രസവത്തിന് തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പണം വേണമെന്ന് സെലീനയോട് ആവശ്യപ്പെട്ടു. എന്നാല്‍ അനുകൂലമായ മറുപടി ലഭിച്ചില്ല. ചൊവ്വാഴ്ച ഉച്ചയോടെ കത്തിയുമായി ഗിരോഷ് സെലീനയുടെ വീട്ടിലെത്തി. പണം ആവശ്യപ്പെട്ടെങ്കിലും സെലീന നല്‍കാന്‍ തയ്യാറായില്ല. പ്രകോപിതനായ ഗിരോഷ് കൈയില്‍ കരുതിയ കഠാര ഉപയോഗിച്ച്‌ കഴുത്തില്‍ കുത്തിവീഴ്ത്തി. തുടര്‍ന്ന് ഇടത് മാറ് മുറിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി തൊടുപുഴയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.16-നും 2.24-നുമിടയ്ക്കാണ് സംഭവം നടന്നത്. രാത്രി എട്ടുമണിയോടെ സെലീനയുടെ ഭര്‍ത്താവ് സിയാദ് മീന്‍കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ‘സ്ഥലത്തെത്തിയ അടിമാലി പോലീസ് തൊട്ടടുത്തുള്ള സ്പൈസസ് സ്ഥാപനത്തിലെ സി.സി.ടി.വി. പരിശോധിച്ചു. സിയാദിന്റെ സഹായത്തോടെ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു.
മൂന്നാര്‍ ഡിവൈ.എസ്.പി. അഭിലാഷ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. മോഹന്‍ദാസ്, അടിമാലി സി.ഐ. പി.കെ.സാബു, അടിമാലി എസ്.ഐ. സന്തോഷ് സജീവ്, എ.എസ്.ഐമാരായ സി.ആര്‍.സന്തോഷ്, എം.എം.ഷാജു, അബ്ദുള്‍ കനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.



Sharing is Caring