സോളാര്‍ കേസിലെ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സരിത എസ്. നായരുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ല. പ്രതികള്‍ കുറ്റം ചെയ്തതായി സോളാര്‍ കമ്മിഷന് ബോധ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. അഡ്വ. ആളൂര്‍ പറഞ്ഞു.
സരിത ജയിലിലായിരുന്ന സമയത്ത് പീഡിപ്പിച്ചവരെ കുറിച്ച് വ്യക്തമാക്കുന്ന കത്ത് നല്‍കിയിരുന്നു. പുതിയ സര്‍ക്കാര്‍ അതില്‍ അന്വേഷണം നടത്താനും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സരിത തിരുവനന്തപുരത്ത് എത്തി മൊഴിയും നല്‍കിയിട്ടുണ്ട്. ഞാനും അവിടെ ഉണ്ടായിരുന്നു. അത് പോലീസ് റെക്കോഡും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അത് സ്ഥിരീകരിച്ചിരിക്കുന്നു.
നിയമപരമായി കേസ് ശക്തമാണ്. ബലാത്സംഗക്കേസായതിനാല്‍ കേസിലെ ഏറ്റവും വലിയ സാക്ഷി പരാതിക്കാരി തന്നെയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെങ്കില്‍ പോലും സാഹചര്യത്തെളിവുകള്‍ ഉണ്ട്. ബലാത്സംഗം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ആളൂര്‍ പറഞ്ഞു. കേസ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ സരിതാ നായരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ പ്രതിയായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരേ ശാരീരിക ബന്ധത്തിലൂടെയല്ലാത്ത രീതികളിലൂടെയുള്ള ബലാത്സംഗമാണ് ആരോപിച്ചിട്ടുള്ളത്. രഹസ്യഭാഗത്ത് സ്പര്‍ശിക്കുന്നതും അശ്ലീല ആംഗ്യങ്ങളും സംഭാഷണങ്ങളുമെല്ലാം നിയമപരമായി ബലാത്സംഗത്തിന്റെ പരിധിയില്‍ വരും. ഇത്തരം കേസുകളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന് സാധ്യതയില്ലെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.













