സര്‍ക്കാരിനെ വെല്ലുവിളിച്ച് സ്വാകാര്യ ബസ് ഉടമകള്‍: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചു


കൊല്ലം: വിദ്യാര്‍ത്ഥി യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെ വെല്ലുവിളിച്ച് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ നിരക്കുകള്‍ ബസ് ഉടമകള്‍ വര്‍ധിപ്പിച്ചു. നിരക്ക് വര്‍ധനവ് രേഖപ്പെടുത്തിയുള്ള സ്റ്റിക്കറുകള്‍ ബസില്‍ പതിപ്പിച്ചു. സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചാണ് ബസുടമകള്‍ വിദ്യാര്‍ത്ഥി യാത്രാ നിരക്കില്‍ വര്‍ധന വരുത്തിയത്.


അതേസമയം, സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ബസുകള്‍ക്കു നേരെ ഇന്ന് വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞിരുന്നു.


ഇന്ന് 11.30ഓടെ കൊല്ലം ചിന്നക്കടയില്‍ വെച്ചാണ് സംഭവം. ഇന്നലെ മുതല്‍ ബസില്‍ പുതിയ യാത്രനിരക്ക് പ്രാബല്യത്തില്‍ വന്നിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. ബസുകള്‍ റോഡിന് കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്താന്‍ ബസ് ജീവനക്കാര്‍ ശ്രമിച്ചു. പോലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്.

മിനിമം ചാര്‍ജ് പത്തുരൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 16 മുതല്‍ സ്വകാര്യബസ് ഉടമകള്‍ നടത്തിയ അനിശ്ചിതകാല സമരം ഫലം കണ്ടിരുന്നില്ല. ആറു ദിവസം തുടര്‍ന്ന സമരം, ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നതോടെ പിന്‍വലിക്കുകയായിരുന്നു. മാര്‍ച്ച് ഒന്നുമുതല്‍ നേരത്തെ തീരുമാനിച്ച പ്രകാരം മിനിമം നിരക്ക് ഏഴില്‍ നിന്ന് എട്ടു രൂപയായി ഉയര്‍ത്തിയിരുന്നു.



Sharing is Caring