യു.പിയില്‍ മുലായം സിങ്ങും മകന് അഖിലേഷും തമ്മിലുള്ള പോര് അവസാന ഘട്ടത്തിലേക്ക്. മുലായം സിങ് യാദവിനെ അധ്യക്ഷനാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സഹോദരന് ശിവപാല്‍ യാദവ് അവകാശപ്പെട്ടു.
സമാജ് വാദി സെക്യുലര്‍ മോര്‍ച്ച എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവും സമാജ് വാദി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനുമായിരുന്ന മുലായം സിങുമായുള്ള തര്‍ക്കമാണ് പിളര്‍പ്പിലേക്ക് എത്തിച്ചത്.
മുലായത്തിന്റെ സഹോദരനും വിശ്വസ്തനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന ശിവ്പാല്‍ യാദവടക്കം നാല് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് അഖിലേഷ് യാദവ് പുറത്താക്കിയതോടെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പുറത്തു വന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും വക്താവുമായ രാംഗോപാല്‍ യാദവിനെ പുറത്താക്കി മുലായം മണിക്കൂറുകള്‍ക്കകം തന്നെ അഖിലേഷിന് മറുപടി നല്‍കിയതോടെ പ്രശ്നം രൂക്ഷമായി.
തുടര്‍ന്ന് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും വന്‍ പരാജയം ഏറ്റ് വാങ്ങേണ്ടിവന്നു.













