സമരപ്പന്തലുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍


ലോ അക്കാദമിയ്ക്കു മുന്നിലെ സമര പന്തലുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരാണ് ഹര്‍ജി നല്‍കിയത്.


ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. കോളേജിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജ്ജിയിലുള്ളത്.


പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റിയുള്ള പ്രശ്‌നപരിഹാരത്തിനായി അക്കാദമിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് നടക്കും. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം വിദ്യാര്‍ഥി പ്രതിനിധികളുമായും രാത്രി എട്ടുമണിക്ക് മാനേജ്‌മെന്റ് ചര്‍ച്ച നടത്തുന്നുണ്ട്. സമരം ഇന്ന് തന്നെ അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഡയറക്ടര്‍ നാരായണന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ലോ അക്കാദമി പരിസരത്ത് വലിയ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.



Sharing is Caring