ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍്ക് ബാങ്ക് അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാവുന്ന തുകയെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കും തമ്മില്‍ തര്‍ക്കം മുറുകുന്നു. ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ഈ നിര്‍ദേശത്തിന് റിസര്‍വ് ബാങ്ക് വഴങ്ങാത്തതോടെയാണ് ആര്‍ബിഐയുമായി ഏറ്റുമുട്ടലിന്റെ വഴിയിലായത്.
പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000ല്‍ നിന്ന് രണ്ടുലക്ഷമാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ഈ ആവശ്യം റിസര്‍വ് ബാങ്ക് മുഖവിലക്കെടുക്കാതെ തള്ളുകയായിരുന്നു.
തുടര്‍ന്ന്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ദിലീപ് ശര്‍മ ശനിയാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് കടുത്തഭാഷയില്‍ കത്തയച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടനാപരമായി ചുമതലപ്പെടുത്തിയ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെന്നും തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും അംഗീകരിക്കണമെന്നും കത്തില്‍ ഓര്‍മിപ്പിക്കുന്നു. വിഷയത്തിന്റെ ഗൗരവം റിസര്‍വ് ബാങ്ക് മനസ്സിലാക്കുന്നില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കുന്ന മാര്‍ച്ച് 11 വരെ സ്ഥാനാര്‍ത്ഥികളെ ആഴ്ചയില്‍ രണ്ടുലക്ഷം രൂപവീതം പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനവരി 24നാണ് കമ്മിഷന്‍ ആദ്യം കത്തയച്ചത്.

നോട്ട് അസാധുവാക്കലിനുശേഷം കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ഇപ്പോള്‍ ഇളവ് നല്‍കാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് മറുപടി നല്‍കിയത്. ഇപ്പോള്‍ 24,000 രൂപയാണ് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരിധി. ഇതുപ്രകാരം 34 ആഴ്ചകളുള്ള തിരഞ്ഞെടുപ്പ് കാലയളവില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ആകെ പിന്‍വലിക്കാന്‍ സാധിക്കുക പരമാവധി 96,000 രൂപയാണ്. ഇതുവളരെ കുറഞ്ഞ തുകയാണെന്നും പ്രചാരണത്തിന്റെ വിവിധഘട്ടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെറിയ തുകയ്ക്കുള്ള ഇടപാടുകള്‍ നോട്ടുവഴി തന്നെ ചെയ്യേണ്ടിവരുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
നിയമപ്രകാരം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് 28 ലക്ഷം രൂപ വീതവും ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് 20 ലക്ഷം വീതവും ചെലവഴിക്കാന്‍ സാധിക്കുമെന്ന കാര്യവും കമ്മിഷന്‍ റിസര്‍വ് ബാങ്കിനെ ഓര്‍മിപ്പിച്ചു.












