സഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍ നിയമസഭയില്‍ ഭരണപക്ഷ പ്രതിഷേധം ശക്തം


തിരുവനന്തപുരം: ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ എത്തിയതിനെ തുടര്‍ന്ന് ഭരണപക്ഷ പ്രതിഷേധം. കാലാവധി കഴിഞ്ഞ ഗ്രനേഡാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പ്രയോഗിച്ചതെന്ന് ആരോപിച്ച്‌ തിരുവഞ്ചൂര്‍ ഗ്രനേഡ് സഭയില്‍ ഉയര്‍ത്തിക്കാട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഭരണപക്ഷം പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.


സഭയില്‍ സാധാരണ ആരും മാരകായുധം കൊണ്ടുവരാറില്ലെന്നും തിരുവഞ്ചൂരിന്‍റെ നടപടി അതീവ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കര്‍ ഗ്രനേഡ് കസ്റ്റഡിയില്‍ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിര്‍മാണ തീയതിയടക്കം രേഖപ്പെടുത്തിയ രസീതുള്‍പ്പെടെ ഗ്രനേഡ് മേശപ്പുറത്ത് വെക്കുന്നതായി തിരുവഞ്ചൂര്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ ഗ്രനേഡ് ഉപയോഗിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.


തിരുവഞ്ചൂരിനെതിരെ റൂളിങ്ങ് വേണമെന്ന ഭരണപക്ഷ ആവശ്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് ബഹളം അവസാനിച്ചത്.



Sharing is Caring