സംഘപരിവാര്‍ ആശയങ്ങളടങ്ങിയ പുസ്തക വിതരണം: അധ്യാപകന് സസ്‌പെന്‍ഷന്‍


കൊയിലാണ്ടി:സംഘപരിവാര്‍ ആശയങ്ങളടങ്ങിയ പുസ്തകം കേരളത്തിലെ സ്‌കൂളുകളില്‍ വിതരണം ചെയ്തതിന് അധ്യാപകന് സസ്‌പെന്‍ഷന്‍. കൊയിലാണ്ടി ബോയ്സ് സ്‌കൂള്‍ അധ്യാപകന്‍ കെ മുരളിക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഡിപിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ കേരളത്തിലെ സ്‌കൂളുകളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നേതൃത്വത്തിലായിരുന്നു പുസ്തക വിതരണം. വിദ്യാഭാരതി സംസ്‌കൃതി ജ്ഞാനപരീക്ഷ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം സംഘപരിവാര്‍ അനുകൂല അധ്യാപകരാണ് വിതരണം ചെയ്തത്.
ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘപരിവാര്‍ നേതാക്കളെ വീരപുരുഷന്‍മാരായി ചിത്രീകരിക്കുന്നതുമാണ് പുസ്തകങ്ങള്‍. 1773 ല്‍ ബംഗാളിലെ ഒരു പറ്റം സന്യാസിമാര്‍(യതികള്‍)ആയിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദ്യമായി സംഘടിച്ചത്. ഇതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം എന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ആദ്യത്തെ മനുഷ്യജീവി ഉദ്ഭവിച്ചത് ആഫ്രിക്കയിലല്ല, ഇന്ത്യയിലാണ്. രാമക്ഷേത്രം പൊളിച്ചാണ് അയോധ്യയില്‍ ബാബര്‍ പള്ളി പണിഞ്ഞത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലും അമ്പലം പൊളിച്ച് മുസ്ലീങ്ങള്‍ പള്ളി പണിഞ്ഞു. ഗോള്‍വാള്‍ക്കറിനെ നെഹ്റു രണ്ടുതവണ നേരില്‍കാണുകയും മഹാത്മാ ഗാന്ധിയെ നേരിടാന്‍ സേവനം ആവശ്യപ്പെടുകയും ചെയ്തുവെന്നും ഇന്ത്യയുടെ തെക്കുഭാഗത്ത് ഹിന്ദുമഹാസമുദ്രമെന്നും പുസ്തകത്തില്‍ പരമാര്‍ശിച്ചിരിക്കുന്നത്. ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്ന് തുരങ്കം സൃഷ്ടിച്ച ബാലനാണ് ഹെഡ്‌ഗേവാര്‍ എന്നാണ് മറ്റൊരു കണ്ടെത്തല്‍.
അതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാവിവത്കരണത്തിന് ഊര്‍ജം പകരുന്ന സംഘ്പരിവാര്‍ താത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ നടത്താന്‍ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ഇന്ന് ലഭിച്ചിരുന്നു. ആഘോഷം നടത്തണമെന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിപിഐയുടെ സര്‍ക്കുലര്‍. ആഘോഷത്തിന് സ്‌കൂളുകളുടെ പ്രധാനാധ്യാപകര്‍ ആവശ്യമായ നടപടിയെടുക്കണമെന്നാണ് സര്‍ക്കുലറിലുള്ളത്. എന്നാല്‍ തന്റെ അറിവോടെയല്ല സര്‍ക്കുലറെന്ന് ഡിപിഐ കെ മോഹന്‍കുമാര്‍ പ്രതികരിച്ചു.




Sharing is Caring