ഷീന ബോറ കേസ്: ഇന്ദ്രാണി മുഖര്‍ജി ആശുപത്രിയില്‍


മുംബൈ: ഷീന ബോറ കേസില്‍ പ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖര്‍ജി വീണ്ടും ആശുപത്രിയില്‍. നെഞ്ചു വദനയെ തുടര്‍ന്നാണ് ഇന്ദ്രാണിയെ വെള്ളിയാഴ്ച രാത്രി മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഹൃദയസംബന്ധമായ രോഗമുള്ളയാളാണ് ഇന്ദ്രാണി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എക്‌സ്-റേ, റേഡിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. ബൈകുല വനിതാ ജയിലില്‍ നിന്നാണ് ഇവരെ രാത്രി 11.30 ഓടെ ആശുപത്രിയില്‍ എത്തിച്ചത്.


ഐഎന്‍എക്‌സ് മീഡിയയില്‍ സഹസ്ഥാപകയാണ് ഇന്ദ്രാണി. ഈ വര്‍ഷം രണ്ടു തവണ ജയിലില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഷീന ബോറ കേസില്‍ വ്യാഴാഴ്ചയും വിചാരണ നടന്നിരുന്നു. ഇന്ദ്രാണിക്കു പുറമേ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യംവര്‍ റായ്, ഐഎന്‍എക്‌സ് സഹസ്ഥാപകന്‍ പീറ്റര്‍ മുഖര്‍ജി എന്നിവരും കേസില്‍ പ്രതികളാണ്.



Sharing is Caring