ശ്രീലങ്കയെ തകര്‍ത്ത് അണ്ടര്‍ 19 ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്


ശ്രീലങ്കയെ തോല്‍പിച്ച് അണ്ടര്‍ 19 ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കി. ഫൈനലില്‍ 34 റണ്‍സിനാണ് ലങ്കയെ ഇന്ത്യ തോല്‍പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 274 റണ്‍സെന്ന വിജയ ലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നിലുയര്‍ത്തിയത്. എന്നാല്‍ 48.4 ഓവറില്‍ 239 റണ്‍സില്‍ ശ്രീലങ്ക ഓള്‍ഔട്ടാവുകയായിരുന്നു.
അവസാന 12 ഓവറില്‍ 77 റണ്‍സായിരുന്നു ലങ്കയ്ക്ക് വേണ്ടിയിരുന്നത്. ഏഴ് വിക്കറ്റും കയ്യിലുണ്ടായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റ് വീണതോടെ ഇന്ത്യ തകര്‍പ്പന്‍ ജയം നേടുകയായിരുന്നു. ഓപണര്‍മാരായ പ്രിഥിവ് ഷായും (39) ഹിമന്‍ഷു റാണയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
രണ്ടാം വിക്കറ്റില്‍ ക്രീസിലെത്തിയ ഷുബാം ഗില്ലും (70) മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ മധ്യനിരയും വാലറ്റവും പെട്ടെന്ന് കൂടാരം കയറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 എന്ന സ്‌കോറില്‍ അവസാനിച്ചു.
ശ്രീലങ്കയ്ക്കായി നിപുണ്‍ റാന്‍സികയും പ്രവീണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം നേടി. ഓപണര്‍ രവന്‍ കെല്ലിയാണ് (62) ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കമിന്‍ഡു മെന്‍ഡീസ് (53) റണ്‍സ് നേടി. ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ നാല് വിക്കറ്റുകള്‍ വീഴ്ത്തി.




Sharing is Caring