കൊച്ചി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്തുവരാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. കേസ് അന്വേഷത്തിന്റെ പുരോഗതി സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളെയെല്ലാം പൊലീസ് പിടികൂടിയെന്നും അതിനാല്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പൊലീസിന്റെ അന്വേഷണത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രതികളുടെ അസാന്നിധ്യത്തില്‍ ആയുധങ്ങള്‍ കണ്ടെടുത്തത് കള്ളക്കളിയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. പ്രതികളുടെ സാന്നിധ്യത്തില്‍ ആയുധങ്ങള്‍ കണ്ടെടുക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അതേസമയം, ഷുഹൈബ് വധത്തിലെ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിച്ചാല്‍ കേസ് ഏറ്റെടുക്കാമെന്ന് സിബിഐ അഭിഭാഷകന് വ്യക്തമാക്കി.
അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നതിനെ സര്‍ക്കാര്‍ ചോദ്യം ചെയ്തു. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. കണ്ണൂരിലെ കൊലപാതകങ്ങളില്‍ താന്‍ നേരത്തെയും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. ഇപ്പോള്‍ മാത്രം സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ജഡ്ജി ചോദിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവന്നിട്ടുണ്ടോയെന്ന് കോടതി സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹനോട് ചോദിച്ചു.













