ശബരീശ സന്നിധി മകരവിളക്ക് ഉത്സവത്തിനായി തുറന്നു


ആശ്രിതവത്സലനായ അയ്യപ്പസ്വാമിയെക്കാണാന്‍ തൊഴുകൈകളും ശരണംവിളികളുമായി കാത്തുനിന്ന ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരീശ സന്നിധി മകരവിളക്ക് ഉത്സവത്തിനായി തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചതോടെ സന്നിധാനം ശരണമന്ത്രമുഖരിതമായി.അന്യസംസ്ഥാനത്ത് നിന്നുള്ള അയ്യപ്പന്മാര്‍ അടക്കം ആയിരങ്ങള്‍ ഇന്നലെ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി എത്തിയിരുന്നു.


നടതുറന്നശേഷം ഉപദേവതാലയങ്ങളിലും മാളികപ്പുറത്തും നടതുറന്ന് വിളക്ക് കൊളുത്തി.പിന്നീട് മേല്‍ ശാന്തി പതിനെട്ടാം പടി ഇറങ്ങി തിരുമുറ്റത്തെ ആഴിക്ക് അഗ്നി പകര്‍ന്നു.ഇതിന് ശേഷമാണ് ഭക്തജനങ്ങളെ പടിചവിട്ടാന്‍ അനുവദിച്ചത്.നടതുറപ്പ് ദിവസമായതിനാല്‍ ഇന്നലെ പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് മുതലാണ് നെയ്യഭിഷേകവും മറ്റ് പ്രത്യേക പൂജകളും നടക്കുക.മകരവിളക്ക് ഉത്സവത്തിന് നടതുറന്ന ആദ്യ ദിനംതന്നെ സന്നിധാനത്ത് വലിയഭക്ത ജനതിരക്കായിരുന്നു.




Sharing is Caring