ശബരിമലയ്‌ക്ക് വേണ്ടി മലയാളികള്‍ ഇത്രയേറെ ഊര്‍ജം ചിലവഴിക്കുന്നത് കാണുമ്ബോള്‍ ആത്മനിന്ദ തോന്നുന്നുവെന്ന് കെ.ആര്‍.മീര


ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച്‌ എഴുത്തുകാരി കെ.ആര്‍ മീര രംഗത്ത്. ശബരിമലയ്‌ക്ക് വേണ്ടി മലയാളികള്‍ ഇത്രയേറെ ഊര്‍ജം ചിലവഴിക്കുന്നത് കാണുമ്ബോള്‍ ആത്മനിന്ദയാണ് തോന്നുന്നതെന്ന് ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മീര കുറിച്ചു. പെട്രോള്‍വില കത്തിപ്പടരുന്നതിലോ, സാധാരണക്കാരുടെ ജീവനോപാധികള്‍ നഷ്‌ടപ്പെടുന്നതിലോ, സ്ത്രീകള്‍ അതിക്രൂരമായി ഉപദ്രവിക്കപ്പെടുന്നതിലോ പ്രതിഷേധിക്കാത്തവര്‍ ദൈവത്തിന്റെ ചാരിത്ര്യം സംരക്ഷിക്കാന്‍ ആത്മാഹുതിക്ക് തയ്യാറാകുന്നത് കാണുമ്ബോള്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അവര്‍ പരിഹസിക്കുന്നു.


ലേഖനത്തിന്റെ പൂര്‍ണരൂപം-


‘പ്രളയത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിനുമുമ്ബേ, ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള അസംബന്ധ ചര്‍ച്ചകള്‍ക്കുവേണ്ടി മലയാളികള്‍ ഇത്രയേറെ ഊര്‍ജം ചെലവഴിക്കുന്നതുകാണുമ്ബോള്‍ ആത്മനിന്ദ അനുഭവപ്പെടുന്നു. പ്രിയപ്പെട്ടവരുടെ ജീവനും ഒരായുസ്സിന്റെ സമ്ബാദ്യവും നഷ്ടപ്പെട്ട മനുഷ്യരുടെ മുമ്ബിലിരുന്ന് ദൈവത്തിന്റെ ബ്രഹ്മചര്യത്തെക്കുറിച്ച്‌ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നവരുടെ മനക്കട്ടിയും തൊലിക്കട്ടിയും അപാരം.

പെട്രോള്‍വില കത്തിപ്പടരുന്നതിലോ പാചകവാതകവില കുതിച്ചുയരുന്നതിലോ സാധാരണക്കാരുടെ ജീവനോപാധികള്‍ നഷ്ടപ്പെടുന്നതിലോ കാവും പുഴയും മലിനീകരിക്കപ്പെടുന്നതിലോ ക്വാറികള്‍ പെരുകുന്നതിലോ സ്ത്രീകള്‍ അതിക്രൂരമായി ഉപദ്രവിക്കപ്പെടുന്നതിലോ സഹജീവികള്‍ക്ക് പാര്‍പ്പിടംപോലും ഇല്ലാത്തതിലോ പ്രതിഷേധിക്കാത്തവരായ ചില കുലസ്ത്രീകളും മര്യാദാപുരുഷന്മാരും ദൈവത്തിന്റെ ചാരിത്ര്യം സംരക്ഷിക്കാന്‍ ആത്മാഹുതിക്ക് തയ്യാറാകുന്നതുകാണുമ്ബോള്‍ സന്തോഷമുണ്ട്. ഇപ്പോള്‍ രാജ്യം നേരിടുന്ന ജീവന്മരണപ്രശ്‌നമാണല്ലോ അയ്യപ്പന്റെ ബ്രഹ്മചര്യം.

പുരോഗമന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള ഇടപെടല്‍ ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതായിരുന്നു. ഭരണഘടനയെ വ്യാഖ്യാനിക്കുകയാണ് സുപ്രീംകോടതി വിധിയിലൂടെ കോടതി ചെയ്തത്. എന്നാല്‍, ഇത് മറച്ചുപിടിച്ച്‌ സര്‍ക്കാരിനെ തകര്‍ക്കാനുള്ള അസുലഭാവസരമായി ഇതിനെ മാറ്റിയെടുക്കുകയാണ് ചിലര്‍. അപ്പോഴും രാഷ്ട്രീയനേട്ടങ്ങള്‍ക്ക് അതീതമായി പുരോഗമനാശയങ്ങളെ പിന്തുണയ്ക്കാനും അതില്‍ ഉറച്ചുനില്‍ക്കാനുമുള്ള ധൈര്യവും ആര്‍ജവവുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.

ആചാരങ്ങള്‍ നവീകരിക്കാത്തത് നിര്‍ഭാഗ്യകരം
ശബരിമല ശാസ്താവ് പ്രതിനിധാനംചെയ്യുന്ന അദ്വൈതാദര്‍ശങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ആചാരാനുഷ്ഠാനങ്ങള്‍ നവീകരിക്കാനുള്ള ആര്‍ജവം തന്ത്രി കുടുംബത്തിന് ഉണ്ടാകാതിരുന്നത് നിര്‍ഭാഗ്യകരമാണ്. തങ്ങളുടെ അപ്രമാദിത്വത്തെ കോടതി റദ്ദാക്കുന്നത് അംഗീകരിച്ചാല്‍ ഇത്തരം രസകരമായ മറ്റ് ആചാരങ്ങളിലും കോടതി ഇടപെടല്‍ ഉണ്ടായേക്കുമെന്ന് ചിലര്‍ക്കു ഭയമുണ്ടാകുന്നതും അവര്‍ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ പാടുപെടുന്നതും മനസ്സിലാക്കാം. പക്ഷേ, ഇത് അവസരമായിക്കണ്ട് ജനങ്ങളെ തമ്മിലടിപ്പിച്ച്‌ പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തെ കൂടുതല്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ ക്ഷമ അര്‍ഹിക്കുന്നില്ല. മേല്‍പ്പറഞ്ഞ ഇരുകൂട്ടരുടെയും കൈയിലെ ചട്ടുകങ്ങളായി മാറുകയാണ്, കഥയറിയാതെ ആട്ടം കാണുന്ന പാവപ്പെട്ട സ്ത്രീകളും സാധാരണക്കാരായ പുരുഷന്മാരും. അവര്‍ക്ക് സ്വാമി അയ്യപ്പന്‍തന്നെ നേര്‍വഴി കാട്ടട്ടെ.

ജാതിമതഭേദമില്ലാത്ത തനിക്ക് സ്ത്രീപുരുഷഭേദമുണ്ട് എന്ന് അധിക്ഷേപിച്ചവര്‍ക്കുള്ള അയ്യപ്പന്റെ താക്കീതായിരുന്നു കഴിഞ്ഞ പ്രളയം. ഇനിയും അതേ അപമാനം അയ്യപ്പനു വരുത്തിവച്ചാല്‍ ഇതിലും ഭീകരമായ പ്രളയമായിരിക്കും വരാന്‍പോകുന്നത് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട്, ഹിന്ദുദൈവങ്ങളെ ഈ വിധം കേവല മനുഷ്യരുടെ നിലവാരത്തിലേക്ക് തരംതാഴ്ത്തുന്നതിനെതിരെ യഥാര്‍ഥ ഹിന്ദുക്കള്‍ ഉണരണം എന്നാണ് എന്റെ എളിയ അപേക്ഷ.

തന്ത്രി കേസ് ഞെട്ടിച്ചു
പതിവായി അമ്ബലത്തില്‍ പോകാറുള്ള എന്റെ ഹിന്ദുമതവികാരം ഏറ്റവുംകൂടുതല്‍ വ്രണപ്പെട്ടത് സ്വന്തംവീടോ ഇടമോ ഇല്ലാത്ത എട്ടുവയസ്സുകാരി ക്ഷേത്രത്തിനുള്ളില്‍ ദിവസങ്ങളോളം ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴാണ്. ഞാന്‍ പിന്തുടരുന്ന മതവിശ്വാസത്തിന്റെ മൂല്യങ്ങളെ നശിപ്പിക്കുകയും ആരാധനാലയത്തിന്റെ പവിത്രതയെ അവഹേളിക്കുകയും ദൈവം എന്നൊന്ന് ഇല്ലെന്ന് പൂജാരിതന്നെ ലോകത്തോടു വിളിച്ചുപറയുകയുംചെയ്ത പ്രവൃത്തിയായിരുന്നു അത്.

അതിനുമുമ്ബ് എന്റെ മതവികാരം വ്രണപ്പെട്ടത് ഒരുതന്ത്രി ബ്ലാക്‌മെയിലിങ് കേസില്‍ പെട്ടപ്പോള്‍ താന്‍ സംസ്‌കൃതമോ വേദമന്ത്രങ്ങളോ പഠിച്ചിട്ടില്ലെന്നും ഭാഗ്യസൂക്തമന്ത്രംപോലും അറിയാതെയാണ് ഗണപതിഹോമം നടത്തുന്നത് എന്നും ജസ്റ്റിസ് പരിപൂര്‍ണന്‍ കമീഷനുമുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തപ്പോഴാണ്. ഗണപതിയുടെ നക്ഷത്രംപോലും അറിയാത്തയാളാണ് ജനകോടികള്‍ ആരാധിക്കുന്ന ക്ഷേത്രത്തിലെ തന്ത്രിയായത് എന്നറിഞ്ഞപ്പോള്‍ അനുഭവപ്പെട്ട ആഘാതം ഇന്നും മാറിയിട്ടില്ല.



Sharing is Caring