ശബരിമല ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും


ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും പുനപരിശോധനാ ഹര്‍ജികളും കോടതിയലക്ഷ്യ ഹര്‍ജികളും ഫെബ്രുവരി എട്ടിന് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഫെബ്രുവരിയിലെ കേസുകള്‍ കോടതി ലിസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്.


നേരത്തെ ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരി 22-നായിരുന്നു പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിയായ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായിരുന്നതിനാല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ജനുവരി 27 വരെ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര അവധി നീട്ടുകയും ചെയ്തിട്ടുണ്ട്.


ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് 50 ഓളം ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ ഹര്‍ജികളും എത്തിയത്. ഇതോടെ എല്ലാ ഹര്‍ജികളും ഒരുമിച്ച്‌ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്നും ചീഫ് ജസ്റ്റീസ് തീരുമാനിക്കുകയായിരുന്നു.



Sharing is Caring