പരീക്ഷക്കെത്താന്‍ വൈകിയതിനാല്‍ ഹാളിലേക്ക് പ്രവേശിപ്പിക്കാത്തതില്‍ മനം നൊന്ത് 28കാരന് ആത്മഹത്യ ചെയ്തു. കര്‍ണാടകക്കാരനായ വരുണ്‍ എന്ന വിദ്യാര്‍ഥിയാണ് രാജേന്ദ്ര നഗറിലുള്ള വാടക മുറിയില്‍ തൂങ്ങി മരിച്ചത്.
ഇന്നലെ നടന്ന യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതാന്‍ ഉത്തര ഡല്‍ഹിയിലെ പഹഡ്ഗഞ്ചിലുള്ള പരീക്ഷാസെന്ററില്‍ എത്തിയെങ്കിലും ഹാളില്‍ പ്രവേശിക്കാനുള്ള സമയം വൈകിയതിനാല്‍ അധികൃതര്‍ തടയുകയായിരുന്നു. ഏറെ നാളായി ഇൗ പരീക്ഷ മുന്നില്‍ കണ്ട് കഠിന പരിശ്രമം നടത്തി വരുകയായിരുന്നു വരുണ്‍. മൃതദേഹത്തിനരികില്‍ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.














