വെനീസ് ചലച്ചിത്ര മേളയില്‍ മുണ്ടുടുത്ത് മാസ്സായി നടന്ന് ചരിത്രം കുറിച്ച്‌ ജോജു


മലയാള സിനിമയ്ക്ക് അഭിമാനമായി വെനീസ് രാജ്യാന്തര ചലച്ചിത്രമേളയില്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെനീസ് ചലച്ചിത്രമേളയില്‍ ഒരു മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തെ സംബന്ധിച്ചടത്തോളം അഭിമാന നിമിഷമായിരുന്നു അത്. മേളയില്‍ ചോല എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ , അഖില്‍ വിശ്വനാഥ് എന്നിവരാണ് റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. കൂട്ടത്തില്‍ നടന്‍ ജോജു ജോര്‍ജ് നല്ല തനി നാടന്‍ കേരളീയ വേഷത്തിലാണ് എത്തിയത്. മുണ്ടുടുത്ത് റെഡ് കാര്‍പെറ്റില്‍ നടന്ന് വെനീസ് രാജ്യാന്തര ചലച്ചിത്രമേളയില്‍ താരമായി മാറി ജോജു ജോര്‍ജ്.


കൈയ്യടികളോടെയാണ് കാണികള്‍ ചോല സിനിമയുടെ അണിയറക്കാരെ വരവേറ്റതും. ഈ സിനിമയുടെ ആദ്യ ഷോയാണ് വെനീസില്‍ നടന്നത്. കെ.വി. മണികണ്ഠന്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചോലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്‌ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാജി മാത്യു, അരുണാ മാത്യു എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ ആണ്. ജോജു വിനെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ ചോല സംസ്ഥാന – ദേശീയ തലത്തില്‍ നേടിയിരുന്നു.




Sharing is Caring