ഉജ്ജയിനിലെ സുനാഹ്രി ഗട്ടിലാണ് വിവാദ സംഭവം. കോര്‍പറേഷന്‍ ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് പൊതുസ്ഥലത്തുള്ള മലമൂത്ര വിസര്‍ജനത്തിനെതിരേ പ്രചാരണം നടത്തുകയായിരുന്നു. ഇത്തരത്തില്‍ പൊതുസ്ഥലത്ത് വിസര്‍ജിക്കുന്നവരെ കുറിച്ച് വിവരം നല്‍കണമെന്നും ഇവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഈസമയമാണ് വൃദ്ധന്റെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടത്. സംഘടിച്ചെത്തിയ ഉദ്യോഗസ്ഥര്‍ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചു. ശേഷം ഇയാളെ കൊണ്ടുതന്നെ സ്ഥലം വൃത്തിയാക്കി. സംഭവത്തില്‍ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ മുകേഷ് സര്‍വാന്‍, ജീവനക്കാരായ ലുക്കി, രാഹുല്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അഡീഷനല്‍ കമ്മീഷനര്‍ വിശാല്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സംസ്ഥാന നഗരഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മലായ് ശ്രീവാസ്തവ സംഭവത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതിനെ തുടര്‍ന്നാണ് ശ്രീവാസ്തവ റിപോര്‍ട്ട് തേടിയത്. സുനാഹ്രി ഗട്ടില്‍ ഡിസംബര്‍ 28നാണ് സംഭവമുണ്ടായതെന്ന് ശ്രീവാസ്തവ വിശദീകരിച്ചു.
ചിത്താമന്‍ ജവാസിയ ഗ്രാമത്തിലെ ഗംഗാറാം എന്ന വൃദ്ധനാണ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സംസ്ഥാനത്ത് മതിയായ ശൗചാലയ സൗകര്യമില്ലാത്തതിനാല്‍ പ്രത്യേകിച്ചും ഗ്രാമങ്ങളില്‍ ആളുകള്‍ റോഡിന്റെ വശങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത് പതിവാണ്. സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.













