വീണ്ടും ‘കേരള നമ്പര്‍ വണ്‍ ‘; ശൗചാലയത്തിന്റെ കാര്യത്തിലും രാജ്യത്തെ മികച്ച സംസ്ഥാനം കേരളമെന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍വ്വേ


ഗ്രാമപ്രദേശത്തെ വീടുകളില്‍ ശൗചാലയമുള്ള രാജ്യത്തെ മികച്ച സംസ്ഥാനം കേരളമെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വേ. ബിജെപി ഭരിക്കുന്ന ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. കുടിവെള്ളശുചീകരണ മന്ത്രാലയം പുറത്തുവിട്ട സര്‍വ്വേ കേരളത്തിലെയും ഹരിയാനയിലെയും ഗ്രാമങ്ങളില്‍ ഏതാണ്ട് എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉണ്ട് എന്ന് വ്യക്തമാക്കുന്നു. പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ് കേരളവും ഹരിയാനയും.


ബീഹാറില്‍ ഗ്രാമപ്രദേശത്തെ 30 ശതമാനം വീടുകളില്‍ മാത്രമാണ് ശൗചാലയം ഉള്ളത്. ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും ശൗചാലയമുള്ള ഗ്രാമീണ വീടുകള്‍ 37 ശതമാനമാണ്. സിക്കിം, മണിപ്പൂര്‍, നാഗാലാന്റ് എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ 95 ശതമാനം വീടുകളിലും ശൗചാലയം ഉണ്ട്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും 90 ശതമാനം ഗ്രാമീണ വീടുകളിലുമുണ്ട് ശൗചാലയം. ഗുജറാത്തിലെ സാഹചര്യം മെച്ചപ്പെട്ട് 85 ശതമാനത്തിലെത്തി. പട്ടികയില്‍ 12ാം സ്ഥാനത്താണ് ഗുജറാത്ത്. തമിഴ്‌നാട്ടില്‍ 79 ശതമാനം ഗ്രാമീണ വീടുകളിലും ശൗചാലയം ഉണ്ട്. പുതുച്ചേരിയിലെ 43 ശതമാനം ഗ്രാമീണ വീടുകളിലാണ് ശൗചാലയമുള്ളത്.


രാജ്യത്തെ 1.4 ലക്ഷം ഗ്രാമീണ വീടുകളില്‍ ഈ വര്‍ഷം മെയ്ജൂണ്‍ മാസങ്ങളില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയാണ് മന്ത്രാലയം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4626 ഗ്രാമങ്ങളില്‍ നടന്ന സര്‍വ്വേ 62.45 ശതമാനം ഗ്രാമീണ വീടുകള്‍ക്കാണ് ശൗചാലയ സൗകര്യം ഉള്ളത്. 91.29 ശതമാനം ആളുകളും ഒരിക്കലെങ്കിലും ശൗചാലയങ്ങള്‍ ഉപോയിച്ചവരാണെന്നും ഇത് മികച്ച മാറ്റത്തിന്റെ പ്രതീകമാണെന്നും സര്‍വ്വേ പറയുന്നു.



Sharing is Caring