വീട്ടില്‍ അതിക്രമിച്ചുകയറി പീഡനം; അവശനിലയിലായ വൃദ്ധ ആശുപത്രിയില്‍


വൃദ്ധയെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയയാള്‍ പീഡിപ്പിച്ചു. അവശനിലയിലായ വൃദ്ധയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴിന് സമീപം അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലാണ് സംഭവം.
ഒറ്റയ്ക്ക് താമസിച്ചിരുന്ന 68 കാരിയാണ് പീഡനത്തിനിരയായത്. ചൊവ്വാഴ്ച വെളുപ്പിന് ഒരുമണിയോടെയാണ് സംഭവം.


സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മകളുടെ വീട്ടില്‍ താമസിക്കുന്ന വൃദ്ധ അടച്ചിട്ടിരിക്കുന്ന കുടുംബവീട് വൃത്തിയാക്കുവാന്‍ ഇടയ്ക്കിടെ നെടുങ്ങണ്ടയില്‍ എത്തുകയും അവിടെ ഒരു ദിവസം താമസിച്ച് മടങ്ങുകയും ചെയ്യും. തിങ്കളാഴ്ച പകല്‍ കുടുംബവീട്ടിലെത്തിയ ഇവര്‍ വീട് വൃത്തിയാക്കിയ ശേഷം ഇവിടെ കിടന്നിരുന്നു.


ചൊവ്വാഴ്ച വെളുപ്പിന് വീടിന്റെ കതകുതകര്‍ത്ത് അകത്തു കടന്ന അക്രമി വൃദ്ധയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചവശയാക്കി. വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിന് ശേഷമായിരുന്നു അക്രമം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിച്ചു. പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. അവശനിലയിലായ വൃദ്ധ ഏറെനേരത്തിന് ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് വാര്‍ഡ് പ്രതിനിധിയുടെ സഹായത്തോടെ അയല്‍വാസികള്‍ അഞ്ചുതെങ്ങ് പോലീസില്‍ വിവരം അറിയിച്ചു.



Sharing is Caring