വിഷുദിനത്തില്‍ അയ്യപ്പ ദര്‍ശനത്തിന് സന്നിധാനത്ത് വന്‍ തിരക്ക് മേടപ്പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിന് ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന പ്രവാഹം. പ്രത്യേക പൂജകളോടെയാണ് വിഷു ദിനത്തിലെ ചടങ്ങുകള്‍ ആരംഭിച്ചത്. തന്ത്രിയും മേല്‍ശാന്തിയും അയ്യപ്പന്‍മാര്‍ക്ക് വിഷുകൈനീട്ടവും നല്‍കി.
ശരണ മുഖരിതമായ അന്തരീക്ഷത്തില്‍ പുലര്‍ച്ചെ മൂന്നിനാണ് നടതുറന്നത്. കൊന്നപ്പൂക്കള്‍കൊണ്ട് അലങ്കരിച്ച ശ്രീലകത്ത് സ്വര്‍ണ തളികയില്‍ വിഷുക്കണി ഒരുക്കിയിരുന്നു. ദീപം തെളിയിച്ച് അയ്യപ്പനെ വിഷുക്കണി കാണിച്ചു. പിന്നീട് തന്ത്രിയും മേല്‍ശാന്തിയും ദേവസ്വം അധികൃതര്‍ക്കും അയ്യപ്പന്‍മാര്‍ക്കും കൈനീട്ടം നല്‍കി.

രാവിലെ 3 മുതല്‍ 7 വരെയായിരുന്നു വിഷുക്കണി ദര്‍ശനം. നെയ് അഭിഷേകം, കളഭാഭിഷേകം, ഉദയാസ്തമനപൂജ, പടിപൂജ എന്നിവ വിഷു ദിനത്തില്‍ നടക്കും. വിഷു ആഘോഷത്തിന് ശേഷം 18ന് രാത്രി 10 ന് നട അടയ്ക്കും.













