വിന്‍സെന്റിന്റെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും; സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി തെളിവെടുപ്പ് ഉപേക്ഷിക്കാനൊരുങ്ങി പൊലീസ്


വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. പരാതിക്കാരിയായ വീട്ടമ്മയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ കണ്ടെത്തുന്നതിനാണ് പരിശോധനയ്ക്ക് അയക്കുന്നത്. എംഎല്‍എ ഹോസ്റ്റലില്‍ നിന്നും കണ്ടെത്തിയ മൊബൈലാണ് പൊലീസ് ഫോറന്‍സിക്കിന് കൈമാറുന്നത്. അതേസമയം എം. വിന്‍സെന്റ് എംഎല്‍എയെ തെളിവെടുപ്പിനായി പരാതിക്കാരിയുടെ വീട്ടിലും സമീപ സ്ഥലങ്ങളിലും കൊണ്ടുപോകില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ബാലരാമപുരത്തെ തെളിവെടുപ്പ് ഉപേക്ഷിച്ചത്. എം.വിന്‍സെന്റ് എംഎല്‍എയെ പൊലീസ് വാഹനത്തില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി ഇന്നാണ് പരിഗണിക്കുന്നത്.
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എം വിന്‍സെന്റ് എംഎല്‍എയെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2016 സെപ്തംബര്‍ 10 ന് രാത്രി എട്ടുമണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എംഎല്‍എ ആകുന്നതിന് മുമ്പാണ് വിന്‍സെന്റ് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങിയത്. എംഎല്‍എ ആയതിന് ശേഷം പരാതിക്കാരിയെ ഫോണില്‍ വിളിച്ച് പലതവണ ശല്യപ്പെടുത്തി. മോശമായി പെരുമാറി. ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും പരാതിക്കാരിയെ വിന്‍സെന്റ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായും പോലീസ് പറയുന്നു.




Sharing is Caring